തിരുവനന്തപുരം: ഈ ലോക്ക് ഡൗൺ കാലത്തും തിരക്കിലാണ് പങ്കജകസ്കൂരിയുടെ സാരഥി ഡോ.ജെ. ഹരീന്ദ്രൻ നായർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. അതിനിടയിൽ ഏറ്റെടുത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോവുക, സ്ഥാപനത്തിലെ ജീവനക്കാരുമായി ഓൺലൈൻ മീറ്റുംഗുകൾ നടത്തുക... അങ്ങനെ തിരക്കിൽത്തന്നെയാണ് അദ്ദേഹം.
സംസ്ഥാനത്തെ ആയുർവേദ ഡോക്ടർമാരെ ഉൾക്കൊള്ളിച്ച് കൊവിഡ് പ്രതിരോധത്തിനായി ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി ഹരീന്ദ്രൻ നായർ ഉൾപ്പെടെയുള്ള ആയുർവേദ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു. തുടർന്ന് ഒരു കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയിലെ അംഗമെന്ന നിലയിലും പ്രവർത്തിച്ചുവരികയാണ് ഇപ്പോൾ. ആയുർവേദ ചികിത്സാ പ്രോട്ടോക്കാളുകൾ തയ്യാറാക്കുക, മരുന്നുകൾ സജ്ജീകരിക്കുക തുടങ്ങിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് അതിന്റെ ഭാഗമായി നടക്കുന്നത്.
അതിനൊപ്പം, ഡോക്ടറെന്ന നിലയിൽ മറ്റൊരു ദൗത്യം ഹരീന്ദ്രൻനായർ സ്വയം ഏറ്റെടുത്തു. പങ്കജകസ്കൂരിയിൽ വൈറസ് പ്രതിരോധത്തിന് മരുന്നു നിർമ്മിക്കാനുള്ള ശ്രമം. തന്റെ ഉദ്യമം വിജയം കാണുമെന്ന ശുഭാപ്തിവിശ്വാസമാണ് രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഈ ആയുർവേദ ചികിത്സകന്. പങ്കജകസ്തൂരിയുടെ ഗവേഷണ കേന്ദ്രത്തിൽ സിൻചിവീർ എച്ച് എന്ന മരുന്ന് ക്ലിനിക്കൽ പരീക്ഷണത്തിന് തയ്യാറായി കഴിഞ്ഞു. നേരത്തെയുള്ള ആന്റി വൈറസ് മരുന്ന് പരിഷ്കരിച്ചാണ് പുതിയ ഔഷധം തയ്യാറാക്കുന്നത്.
''ഇത് കുറേ വർഷങ്ങളായി വൈറൽ ഫീവർ, വൈറൽ ബ്രോങ്കൈറ്റിസ്, അക്യൂട്ട് ബ്രോങ്കൈറ്റിസ് എന്നിവയ്ക്കുള്ള ഔഷധമായി ഇവിടെ ഉപയോഗിച്ചു വരുന്നതാണ്. ഈ ലോക്ക് ഡൗൺ കാലത്ത്, കൊവിഡ് വൈറസിന് എതിരെ ഈ മരുന്നിന്റെ പരിഷ്കൃത രൂപം ഫലപ്രദമായി ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനങ്ങളാണ് നടക്കുന്നത്." ഡോക്ടർ വ്യക്തമാക്കി.
"മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിന് കളക്ടറേറ്റിൽ പോകേണ്ടി വന്നപ്പോഴാണ് ലോക്ക് ഡൗണിനിടെ ഞാൻ പുറത്തിറങ്ങിയത്. ബാക്കി ഔദ്യോഗിക കാര്യങ്ങൾക്കെല്ലാം സൂം മീറ്റിംഗ് മാത്രം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്രത്തോളം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കിത്തന്ന കാലം കൂടിയാണിത്. നാലു പേർ നാലു വണ്ടിയിൽ കയറി നടക്കുന്നത് അനാവശ്യമാണെന്ന് നമ്മളെ ഈ ലോക്ക് ഡൗൺ ബോദ്ധ്യപ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങരുത് എന്ന വാശിയോടു കൂടി, സർക്കാരിനെ അനുസരിക്കുന്ന പൗരനായി കഴിയുന്നു. നാം കാരണം ഒരാൾക്കും കൊവിഡ് പകരാൻ പാടില്ല. നമ്മൾ മറ്റുള്ളവർക്കു വേണ്ടിയും ചിന്തിക്കണം"- ഡോ. ജെ. ഹരീന്ദ്രൻ നായർ പറയുന്നു.
കാട്ടാക്കടയിലെ പങ്കജകസ്തൂരി ആയുർവേദ കോളേജിൽ ദിവസം ആയിരം പേർക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പതിവ് ഡോ.ജെ.ഹരീന്ദ്രൻ നായർ ആരംഭിച്ചത് 2005- ലാണ്. പ്രതിമാസം 27,000 പേരോളം ഇവിടെയെത്തി ഭക്ഷണം കഴിക്കുന്നു.
ലോക്ക് ഡൗൺ വന്നതോടെ ഒരുമിച്ചിരുന്നു കഴിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് പൊതിച്ചോറാക്കി. 'പാഥേയം' എന്ന പേര് ഇപ്പോഴാണ് ശരിക്കും അർത്ഥവത്തായത്. ലോക്ക് ഡൗൺ വന്നപ്പോൾ ഇതു നിറുത്താമെന്നാണ് വിചാരിച്ചത്. ഭക്ഷണത്തിനായി എത്തുന്നവരുടെ മുഖം മനസ്സിൽ വന്നപ്പോൾ ആ ആലോചന വേണ്ടെന്നുവച്ചു. ഡോക്ടറുടെ ഭാര്യ ആശാ ഹരീന്ദ്രനാണ് 'പാഥേയ'ത്തിന്റെ ചുമതല.
1988- ലാണ് പങ്കജ കസ്തൂരി തുടങ്ങുന്നത്. പങ്കജകസ്തൂരി ആയുർവേദ കോളേജ് ആരംഭിക്കുന്നത് 2002ൽ. 2012 ലാണ് രാജ്യം പദ്മശ്രീ നൽകി ഡോ. ജെ.ഹരീന്ദ്രൻ നായരെ ആദരിച്ചത്. ഭാര്യ ആശാ ഹരീന്ദ്രൻ. മൂത്ത മകൾ കസ്തൂരി നായർ എം.ഡി കഴിഞ്ഞ്, കോളേജിലെ ഫാക്കൽട്ടിയായി ജോലി ചെയ്യുന്നു. മരുമകൻ കിഷൻ ചന്ദ്, സ്ഥാപനത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ. ഇളയ മകൾ കാവേരി നായർ എം.ഡി ആദ്യവർഷ വിദ്യാർത്ഥിനി.
പ്രതിരോധം ശക്തമാക്കാം
രോഗാണുക്കളെ പ്രതിരോധിക്കാൻ ആയുർവേ വിധിപ്രകാരമുള്ള ചില കരുതൽ മാർഗങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ഡോ. ഹരീന്ദ്രൻ നായർ.
ഒരു വലിയ സ്പൂൺ നിറയെ ഇഞ്ചിനീര് (15 മില്ലി), വലിയ സ്പൂൺ നിറയെ ശുദ്ധമായ നാരങ്ങാനീര് (15 മില്ലി) എന്നിവ ഒരു ഗ്ലാസ് തിളച്ച വെള്ളത്തിലൊഴിച്ച് അല്പം ഉപ്പോ പഞ്ചസാരയോ ചേർത്ത് കുടിക്കാവുന്ന ചൂടിൽ രാവിലെയും വൈകിട്ടുമായി കഴിക്കുക.
ഗ്രാമ്പൂ, ചുക്ക്, കാട്ടുജീരകം, കിരിയാത്ത്, കൊത്തമല്ലി എന്നിവ ഒരു കിലോ വീതം വാങ്ങുക. കഴുകി ഉണക്കി ചതച്ച് വയ്ക്കുക. മിക്സിയിൽ പൊടിച്ചാലും മതി. ഒരു പിടി (30 ഗ്രാം) എടുത്ത് നാലു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസാക്കി വറ്റിച്ച് രണ്ടു നേരമായി കഴിക്കുക. നല്ല പ്രതിരോധ മരുന്നാണ്.