ന്യൂഡൽഹി : ലോക്ക് ഡൗണിനെത്തുടർന്ന് നിറുത്തിവച്ച സർവീസുകൾ ഈ മാസം12 മുതൽ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങി. ആദ്യഘട്ടത്തിൽ ഭാഗികമായി സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. ഇന്ന് വൈകിട്ട് നാല് മുതൽ ടിക്കറ്റുകൾ ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. കൊവിഡ് ബാധയില്ലാത്ത എല്ലാവർക്കും യാത്രചെയ്യാമെന്ന് റെയിൽവേ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ 30 പ്രത്യേക സർവീസുകളാണുണ്ടാവുക. ന്യൂഡൽഹിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, മുംബയ് സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി, മഡ്ഗാവ്, ദിബ്രുഗഢ്, അഗർത്തല, ഹൗറ, പാട്ന, ബിലാസ്പൂർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ് തുടങ്ങിയ ഇടങ്ങിലേക്കാണ്. ഓൺലൈൻ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകു .റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകൾ തുറക്കില്ല. കൺഫേംഡ് ടിക്കറ്റുള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. മാസ്ക് നിർബന്ധമാണ്. യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. കോച്ചുകളുടെ ലഭ്യത അനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
പ്രതിദിനം 300 ശ്രമിക് ട്രെയിൻ
ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാൻ പ്രതിദിനം 300 ശ്രമിക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ തയ്യാറെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാരുകളോട് അനുമതി അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി അഭ്യർത്ഥിച്ചു. പ്രതിദിനം 300 ശ്രമിക് പ്രത്യേക ട്രെയിനുകളുടെ സർവീസ് നടത്താൻ റെയിൽവേക്ക് സാധിക്കും. കഴിഞ്ഞ ആറു ദിവസമായി റെയിൽവേ പൂർണ സജ്ജമാണെന്നും പീയുഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു.