തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയുടെ ഒന്നാംഘട്ട മൂല്യനിർണയം നാളെ ആരംഭിക്കും. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചു വരെയാണ് മൂല്യനിർണയം. അദ്ധ്യാപകർ സമയനിഷ്ഠ പാലിച്ച് കേന്ദ്രങ്ങളിൽ എത്തി ജോലി തുടങ്ങണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. എന്നാൽ, അദ്ധ്യാപകർക്ക് യാത്രാസൗകര്യമൊരുക്കുന്നതു സംബന്ധിച്ച യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൊതുഗതാഗതമില്ലാത്ത സാഹചര്യത്തിൽ ഇതിനെക്കുറിച്ച് ഉത്തരവിലും സൂചനയില്ല. ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ലോക്ക് ഡൗൺ പിൻവലിച്ചതിനുശേഷം മാത്രം മൂല്യനിർണയം ആരംഭിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വിദ്യാഭ്യാസ മന്ത്രിക്ക് കത്തും നൽകിയിരുന്നു.
മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മൂല്യനിർണയത്തിന്റെ ആദ്യഘട്ടം എട്ട് ദിവസമാണ്. രാവിലെ എട്ടിന് തുടങ്ങുന്ന ആദ്യ സെക്ഷനിൽ ചർച്ചയും തുടർന്ന് മൂല്യനിർണയവും നടക്കും. മുമ്പ് ഒരുദിവസം രണ്ട് ബണ്ടിൽ ഉത്തരക്കടലാസുകളാണ് അദ്ധ്യാപകർ നോക്കിയിരുന്നതെങ്കിൽ ഇപ്പോൾ മൂന്ന് ബണ്ടിൽ നോക്കണമെന്നാണ് ഉത്തരവ്. ഇത്തരത്തിൽ തിരക്കിട്ട് മൂല്യനിർണയ ജോലി നടത്തുന്നതിനും അദ്ധ്യാപകർ എതിരാണ്.
കൊവിഡ് പുനരധിവാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളും മൂല്യനിർണയ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടുതൽ ആളുകൾ കേന്ദ്രീകരിക്കുന്നതിന് ഇടയാക്കും. സ്കൂളുകൾ 14 ദിവസം മുമ്പ് അണുവിമുക്തമാക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ല.
മൂല്യനിർണയ ക്യാമ്പുകൾ മാറ്റണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം പൊതുഗതാഗതം നിറുത്തിവച്ചിരിക്കുന്നതിനാൽ നാളെ ആരംഭിക്കാനിരിക്കുന്ന ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന് കത്ത് നൽകി. ലോക്ക് ഡൗൺ പിൻവലിച്ച ശേഷമേ ക്യാമ്പുകൾ ആരംഭിക്കാവൂവെന്ന ആവശ്യമുന്നയിച്ച് ഫെഡറേഷൻ ഒഫ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പ്രതിപക്ഷ നേതാവിന് അപേക്ഷ നൽകിയതിനെ തുടർന്നാണ് കത്ത് നൽകിയത്.