SignIn
Kerala Kaumudi Online
Monday, 01 June 2020 8.56 AM IST

കൊവിഡ് ; ടാൻസാനിയയിൽ നടക്കുന്നതെന്ത് ?

tanzania

ഡൊഡോമ : തങ്ങൾ കൊവിഡിനെ തോൽപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ പറയുന്നത്. ഏകദേശം 60 ദശലക്ഷം മനുഷ്യ‌ർ ജീവിക്കുന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യം. പ്രാർത്ഥനയിലൂടെയാണ് ടാൻസാനിയ കൊവിഡിനെ പരാജയപ്പെടുത്തിയതെന്നാണ് പ്രസിഡന്റ് ജോൺ മഗുഫുലിയുടെ വിചിത്ര വാദം. ശരിക്കും ടാൻസാനിയ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ വിജയം കണ്ടോ ? ഇല്ല, പിന്നെന്താണ് അവിടെ സംഭവിക്കുന്നത്.

 കൊവിഡ് രേഖകൾ പുറത്ത് വിട്ടിട്ട് ആഴ്ചകൾ !

ടാൻസാനിയയിൽ ആശുപത്രിയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നുവെന്നാണ് പ്രസിഡന്റ് ജോൺ മഗുഫുലി പറയുന്നത്. എന്നാൽ രോഗികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളൊന്നും കഴിഞ്ഞ കുറേ ആഴ്ചകളായി സർക്കാർ പുറത്തുവിട്ടിട്ടില്ല. കൊറോണ വൈറസിനെ ജോൺ വിലകുറച്ചാണ് കാണുന്നത്. ഇത് അയൽ രാജ്യങ്ങളെയും ലോകാരോഗ്യ സംഘടനയടക്കകമുള്ളവരെയും ആശങ്കയിലാഴ്ത്തുകയാണ്.

കൊറോണ വൈറസ് സംബന്ധിച്ച വിവരങ്ങളൊന്നും ആഴ്ചകളായി സർക്കാർ പുറത്തുവിടുന്നില്ല. രാജ്യത്തെ കൊവിഡിന്റെ വ്യാപ്തി ഭരണകൂടം മറച്ചു വയ്ക്കുന്നതായാണ് ആരോപണം. ടാൻസാനിയയിൽ ഭരണകൂടത്തെ ഭയന്നാകണം, ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കൊറോണ വൈറസിനെ പറ്റി ഒന്നും പറയുന്നുമില്ല. ഏപ്രിലിലാണ് ഓരോ ദിവസത്തെയും കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും പുറത്തുവിടുന്ന ഡെയ്‌ലി ബുള്ളറ്റിൻ സമ്പ്രദായം പ്രസിഡന്റ് നിറുത്തലാക്കിയത്. ആളുകളെ ഇത് പരിഭ്രാന്തരാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.

രാജ്യത്തെ കൊവിഡ് കണക്കുകൾ പുറത്തുവിടണമെന്ന് ടാൻസാനിയയോട് ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 29നാണ് ടാൻസാനിയ അവസാനമായി കൊറോണ വൈറസ് കണക്കുകൾ പുറത്തുവിട്ടത്. 480 രോഗികളും 21 മരണവുമാണ് ഈ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് മേയ് 8ന് ടാൻസാനിയയുടെ അധീനതയിലുള ദ്വീപായ സാൻസിബാറിൽ നിന്നുള്ള 29 കേസുകൾ കൂടി പട്ടികയിൽ ചേർത്തു. അതോടെ ടാൻസാനിയയിലെ ആകെ കൊവിഡ് പോസിറ്റീവ് കേസുകൾ 509 ആയി. പിന്നീടിതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമില്ല. എത്ര പേർ രോഗമുക്തരായെന്നോ എത്ര പരിശോധനകൾ നടന്നു എന്നോ ഒരറിവുമില്ല.

 രോഗികളുടെ എണ്ണം കുറഞ്ഞോ ? ആശങ്കയോടെ അയൽ രാജ്യങ്ങൾ

ജോൺ മഗുഫുലി ഇപ്പോൾ രാജ്യത്തെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കണക്കിനെ സംബന്ധിച്ച് ചെറിയ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ ഡാർ ഇ സലാമിലെ രണ്ട് വലിയ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത് ആകെ 218 പേരായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് 18 ആയി ചുരുങ്ങിയെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ മറ്റ് ചില ആശുപത്രികളിലെ കണക്കും ഇത് പോലെ അവ്യക്തമായി പറഞ്ഞു. എന്നാൽ ഈ കണക്കുകൾ ശരിയല്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്തെ ആശുപത്രികൾ കൊവിഡ് രോഗികളാൽ നിറഞ്ഞ് കവിഞ്ഞേക്കുമെന്നാണ് മേയ് ആദ്യവാരം ടാൻസാനിയയിലെ യു.എസ് എംബസി നൽകിയ മുന്നറിയിപ്പ്. ഡാർ ഇ സലാം ഉൾപ്പെടെയുള്ള ടാൻസാനിയൻ നഗരങ്ങളിൽ സ്ഥിതി രൂക്ഷമാണെന്നാണ് വിലയിരുത്തൽ. ടാൻസാനിയയിൽ എന്താണ് ശരിക്കും നടക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിയാത്തത് അയൽരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. കെനിയ, സാംബിയ, ഉഗാണ്ട എന്നിവിടങ്ങളിലേക്കെത്തുന്ന ടാൻസാനിയക്കാരെ അതിർത്തിയിൽ വച്ച് തന്നെ ഈ രാജ്യങ്ങൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഫലം പോസിറ്റീവാണെങ്കിൽ ചിലരെ ടാൻസാനിയയിലേക്ക് തന്നെ മടക്കി അയയ്ക്കുന്നുമുണ്ട്. ടാൻസാനിയയുടെ തെക്കകൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സാംബിയയിലെ നകോണ്ടെ ജില്ലയിൽ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. സാംബിയയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ഇവിടെയാണ്. ടാൻസാനിയയിൽ നിന്നുള്ള ചരക്കുകൾ നകോണ്ടെ ജില്ലയിലാണ് എത്തുന്നത്. ടാൻസാനിയയോട് ചേർന്നുള്ള കെനിയൻ അതിർത്തി പ്രദേശങ്ങളിലും സ്ഥിതി ഇതാണ്. ടാൻസാനിയയിൽ നിന്നും ചരക്കുമായെത്തുന്ന ലോറി ഡ്രൈവവർമാരെ കെനിയ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമേ പ്രവേശിപ്പിക്കുകയുള്ളു. പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ഫലം കാണിച്ച നൂറിലേറെ ലോറി ഡ്രൈവർമാരെയാണ് ഈ മാസം കെനിയ ടാൻസാനിയയിലേക്ക് തന്നെ മടക്കി അയച്ചത്. അടുത്തിടെ കെനിയയിൽ രോഗം സ്ഥിരീകരിച്ച 29 പേർ ടാൻസാനിയയിൽ നിന്നും മടങ്ങിയെത്തിയവരാണ്. ഉഗാണ്ടൻ അതിർത്തിയിൽ 15 ലേറെ ടാൻസാനിയൻ ലോറി ഡ്രൈവർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 മുന്നറിയിപ്പ് നേരത്തെ തന്നെ

നേരത്തെ കൊവിഡ് വൈറസിനെതിരെ പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈകുന്നതിന് ടാൻസാനിയയ്ക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. സാമൂഹ്യ അകലം പാലിക്കുക, കൂട്ടം ചേരലുകൾ ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ ടാൻസാനിയയിൽ പേരിനുപോലും ഇല്ലായിരുന്നു. ആരാധനാലയങ്ങളിലും മറ്റും ജനങ്ങൾ ഒത്തുകൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ടാൻസാനിയയുടെ പ്രസിഡന്റ് ജോൺ മഗുഫുലിയ്ക്കെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. മാർച്ച് 16നാണ് ടാൻസാനിയയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ദാർ എസ് സലാം ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയില്ല. രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനെതിരെ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതായും ഫോൺകോളുകൾ ട്രാക്കുചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സാമ്പത്തിക നിലയെ തകർക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ജോൺ മഗുഫുലി പറയുന്നത്. ആരാധനാലയങ്ങൾ, ബാറുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയൊന്നും അടയ്ക്കാൻ പ്രസിഡന്റ് സമ്മതിച്ചില്ല എന്ന് മാത്രമല്ല, കൊവിഡ് പോസിറ്റീവ് ഫലങ്ങൾ പുറത്തുവിടുന്ന ലാബ് പരിശോധനകളെ വിമർശിക്കുക വരെ ചെയ്തു. ദേശീയ ലബോറട്ടറിയിൽ നടത്തുന്ന പരിശോധനാ ഫലങ്ങളിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിന്റെ മേധാവിയെ സസ്പെന്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് കൊവിഡ് കേസുകൾ കൂടിയതോടെ ആരോഗ്യ സഹമന്ത്രിയെ ജോൺ മഗുഫുലി പുറത്താക്കിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, TANSANIA, COVID, CORONA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.