SignIn
Kerala Kaumudi Online
Sunday, 09 August 2020 8.55 AM IST

ഇനി ചികിത്സാ സൗകര്യം പരീക്ഷിക്കപ്പെടുന്ന കാലം; വേണം അതിജാഗ്രത

covid
കൊവിഡ്

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ജില്ലയാകാൻ പാലക്കാടിന് വേണ്ടിവന്നത് വെറും മൂന്നാഴ്ച. മാർച്ച് 24ന് ആദ്യമായി രോഗം സ്ഥിരീകരിച്ച ശേഷം ആദ്യഘട്ടത്തിൽ മേയ് പത്തുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 13 കേസുകൾ. എന്നാൽ, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ പൂജ്യത്തിൽ നിന്ന് തുടങ്ങി 128ലെത്തി നിൽക്കുമ്പോൾ മുമ്പില്ലാത്ത ആശങ്കയിലാണ് ജനങ്ങളും ജില്ലാ ഭരണകൂടവും.

ആദ്യഘട്ടത്തിൽ എല്ലാ വെല്ലുവിളികളെയും മറികടന്നാണ് കൊവിഡ് പ്രതിരോധത്തിൽ മാതൃക സൃഷ്ടിച്ചത്. വരാനിരിക്കുന്നത് ഇതുവരെ കാണാത്ത പ്രതിസന്ധികളായതിനാൽ വെറും കരുതൽ മാത്രം പോര, ഇരട്ടി ജാഗ്രത തന്നെ വേണം.

ജില്ലയിലേക്ക് എത്തുന്ന പ്രവാസികളുടെയും അന്യസംസ്ഥാനത്തുനിന്നുള്ളവരുടെയും എണ്ണം വർദ്ധിച്ചതോടെയാണ് കൊവിഡ് കേസുകൾ ഞൊടിയിടയിൽ നൂറ് കടന്നത്. ഇവരിൽ പലരും രാജ്യത്തിന്റെ ഹോട്ട് സ്പോട്ടുകളായ ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് എത്തിയത്. മടങ്ങിയെത്തിയവരിൽ പലർക്കും പരിമിതമായ പരിശോധന മാത്രമാണ് ലഭിച്ചിട്ടുള്ളത് എന്നത് ഗൗരവത്തോടെ കാണണം.

അന്തർ സംസ്ഥാന യാത്രാനുമതി നൽകിയതിന് ശേഷമുള്ള പത്തുദിവസത്തിനുള്ളിൽ തന്നെ പതിനായിരത്തിലേറെ ആളുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്കെത്തി. പാസില്ലാതെ നിരവധിയാളുകൾ ഇപ്പോഴും അതിർത്തി കടക്കുന്നുണ്ട്. ചിലർ ക്വറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നതായി മന്ത്രി തന്നെ വ്യക്തമാക്കുകയും സമൂഹവ്യാപനത്തിന്റെ വക്കിലാണ് ജില്ലയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സജ്ജീകരണം ജില്ലാ ഭരണകൂടം നടപ്പാക്കേണ്ടതുണ്ട്. ഓരോ ദിവസവും സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അതിനാൽ സമൂഹ വ്യാപനം ഉണ്ടോയെന്ന് അറിയാൻ നഗരസഭാ പരിധികളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ റാന്റം ടെസ്റ്റുകൾ നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ ദിനംപ്രതി 800ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും അതിർത്തി ജില്ലയായ പാലക്കാടിന് വലിയ ആശങ്കയാണ്.

മഴക്കാലം അതിജീവിക്കണം

ജൂൺ ആദ്യം തന്നെ ഇടവപ്പാതി ആരംഭിക്കും. അതിവർഷത്തിനും 2018ന് സമാനമായ പ്രളയത്തിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മഴ ആരംഭിക്കുന്നതോടെ ഡെങ്കി, എലിപ്പനി, എച്ച്1 എൻ1 തുടങ്ങിയ പകർച്ച വ്യാധികളും തലപൊക്കും. ഇപ്പോൾ തന്നെ ജില്ലാ ആശുപത്രിയിൽ പനിക്കിടക്കകൾ നിറഞ്ഞിട്ടുണ്ട്. മഴ ശക്തിപ്പെട്ടാൽ കൊവിഡ് ബാധയ്ക്കൊപ്പം പകർച്ചപ്പനിയും കൂടും. ഇതോടെ ആരോഗ്യ മേഖലയിലെ ചികിത്സാ സൗകര്യം വല്ലാതെ ഞെരുക്കത്തിലാക്കും. കൊവിഡ് രോഗികൾക്ക് ഇപ്പോൾ ലഭിക്കുന്ന ശ്രദ്ധ ഉറപ്പാക്കാൻ കഴിയാതെ വരും. അത് മരണസംഖ്യ വർദ്ധിക്കാനും ഇടയാക്കും.

പകർച്ച പനികളുടെയും കൊവിഡിന്റെയും ലക്ഷണങ്ങൾ ഏകദേശം ഒന്നാണെന്നതാണ് മറ്രൊരു വെല്ലുവിളി. ഇതോടെ എല്ലാവരെയും പരിശോധിക്കുകയെന്നത് പ്രായോഗികമാവില്ല. കൂടാതെ അതിവർഷമോ പ്രളയമോ ഉണ്ടായാൽ ജില്ലയിലെ വിവിധയിടങ്ങളിൽ ക്യാമ്പുകൾ തുറക്കണം. ജനസാന്ദ്രതയേറെയുള്ള സ്ഥലങ്ങളിൽ നിന്ന് സാമൂഹിക അകലം പാലിച്ച് ആളുകളെ മാറ്റി നിറുത്തുക, സമ്പർക്കം ഒഴിവാക്കുക എന്നത് ആ ഘട്ടത്തിൽ ഏറെ ദുഷ്കരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

പോംവഴികൾ ഇങ്ങനെ

1. അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുക.

2. കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ വാർഡ് തല സമിതി ശ്രദ്ധിക്കണം.

3. റിവേഴ്സ് ക്വാറന്റൈൻ അടിയന്തരമായി നടപ്പാക്കണം.

4. പ്രായമായവർ, കുട്ടികൾ, ജീവിത ശൈലീരോഗമുള്ളവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ.

5. സർക്കാർ ആശുപത്രികളിൽ ചിലതെങ്കിലും സമ്പൂർണ കൊവിഡ് ആശുപത്രിയാക്കണം.

6. ജില്ലാ- താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ കൊവിഡ് ഐ.സി.യു സജ്ജമാക്കണം.

7. സ്വകാര്യാശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പരിശീലനം.

അടിയന്തര സാഹചര്യം നേരിടാൻ സജ്ജം

നിലവിൽ ജില്ലയിൽ 203 കൊവിഡ് കെയർ സെന്ററുകളുണ്ട്. 5000 ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സമൂഹ വ്യാപനം ഉണ്ടായാലുള്ള അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ- സ്വകാര്യ ആശുപത്രികളിലായി 10,000 ബെഡുകൾ സജ്ജമാണ്. ജില്ലാ ആശുപത്രിയിൽ 225 ബെഡുകൾ തയ്യാറാണ്. കെ.എം.സി മാങ്ങോട് 250 ബെഡുകളുണ്ട്. കൂടാതെ കരുണ മെഡിക്കൽ കോളേജ്, പി.കെ.ദാസ് മെഡിക്കൽ കോളേജ്, പാലന, തങ്കം, കിംസ് എന്നിവയും സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.

-കെ.എ.നാസർ, ഡെപ്യൂട്ടി ഡി.എം.ഒ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.