തൃശൂർ: തൃശൂർ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലും വാടാനപ്പള്ളി തളിക്കുളം തമ്പാൻ കടവിലുമായി രണ്ട് പേർ മുങ്ങി മരിച്ചു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ നടന്ന അത്യാഹിതത്തിൽ നാല് പേരാണ് തിരയിൽ പെട്ടത്. ബീച്ചിൽ കളിക്കുന്നതിനിടെ കടലിൽ പോയ പന്ത് എടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. ഇവരിൽ രണ്ട് പേരെ പിന്നീട് രക്ഷപ്പെടുത്തി. ഒരാൾ മരിച്ചു. ഇരട്ടപ്പുഴയിൽ ബാബുവിന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. അപകടത്തിൽ പെട്ടവർ എല്ലാവരും സമീപവാസികളും കൂട്ടുകാരുമാണ്. കാണാതായ ഒരു കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
വാടാനപ്പള്ളിയിൽ തളിക്കുളം തമ്പാൻ കടവിലെ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. വാടാനപ്പള്ളി സൗത്ത് ജുമാ മസ്ജിദിന് വടക്കുഭാഗം താമസിക്കുന്ന വലിയകത്ത് വീട്ടിൽ മുജീബിന്റെ മകൻ അബ്ദുൾ ബാസിത്ത് (17) ആണ് മരിച്ചത്. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അബ്ദുൾ ബാസിത്ത്.
രാവിലെ ഏഴ് മണിയോടെ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ പോയതായിരുന്നു ബാസിത്ത്. തിരയിൽപ്പെട്ട വിദ്യാർത്ഥിയെ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ. മാതാവ്: സബീന. സഹോദരങ്ങൾ: കാസിം,ബാസിമ.