ന്യൂഡൽഹി : കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്ക് നൽകാൻ വ്യത്യസ്തമായ ശിക്ഷരീതി കണ്ടെത്തിയിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്വാളിയർ ജില്ലാ ഭരണകൂടം. മാസ്ക് വയ്ക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും പുറത്തിറങ്ങുന്നവരെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലും ചെക്ക്പോസ്റ്റുകളിലും മൂന്നു ദിവസം വോളന്റിയർമാരായി നിയോഗിക്കാനാണ് തീരുമാനം. പിഴയും ചുമത്തും. സംസ്ഥാനത്ത് നടന്നുവരുന്ന 'കിൽ കൊറോണ' ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ നടപടി. ജില്ലാ കലക്ടർ കൗശലേന്ദ്ര വിക്രം സിംഗിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഞായറാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
നിലവിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും പുറത്തിറങ്ങുന്നവർക്ക് പിഴമാത്രമാണ് ഈടാക്കുന്നത്. വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് കൂടുതലെത്തിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. ഇൻഡോർ, ഭോപ്പാൽ, മറ്റു സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ജില്ലാ അതിർത്തികളിൽ കർശന പരിശോധന നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.