തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും ഒരാഴ്ചത്തേക്ക് എൻ.ഐ.എ കസ്റ്റഡിൽ വിട്ട് എൻ.ഐ.എ പ്രത്യേക കോടതി ഉത്തരവിട്ടു. പ്രതികൾ സ്വർണം കടത്തിയത് ജ്യുവലറികൾക്കല്ല തീവ്രവാദ പ്രവർത്തനങ്ങൾക്കാണെന്ന് എൻ.ഐ.എക്ക് വേണ്ടി ഹാജരായ അഡ്വ.അർജ്ജുൻ അമ്പലപറ്റ കോടതിയിൽ അറിയിച്ചു. സ്വർണം കടത്താനായി യു എ ഇ എംബസിയുടെ എംബ്ളവും സീലും ഇവർ വ്യാജമായി നിർമ്മിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ എട്ട് കിലോയുടെയും ഒൻപത് കിലോയുടെയും സ്വർണ കടത്തുകൾ ഇവർ നടത്തി. പ്രതികളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നത്. ഫാസിൽ ഫരീദിനായി വാറന്റ് പുറപ്പെടുവിക്കാനും ഇയാളുടെ മേൽവിലാസം തിരുത്താനും അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നേരത്തെ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രതികളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഉടൻ കസ്റ്റഡിയിൽ ലഭിക്കാൻ എൻ.ഐ.എ ശ്രമം നടത്തിയത്.
രാജ്യസുരക്ഷയെ ബാധകമാകുന്ന വലിയ ഗൂഡാലോചന സ്വർണക്കടത്ത് കേസിലുണ്ട്. കൊണ്ടുവരുന്ന സ്വർണം എവിടേക്കാണ് കൊണ്ടുപോകുക എന്നും ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും ചോദിച്ചറിയാനാണ് എൻ.ഐ.എ ശ്രമം. തീവ്രവാദ ബന്ധമുളളവരിൽ ഈ സ്വർണം എത്തിയതായാണ് കരുതുന്നത്.
നിലവിൽ കേസിലെ ഒന്നാം പ്രതിയായ സരിത് കസ്റ്രംസിന്റെ കസ്റ്റഡിയിലാണ്. സരിതിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം എൻ.ഐ.എയുടെ കസ്റ്റഡിയിൽ എടുത്ത് സരിതിനെ കൂടുതൽ ചോദ്യം ചെയ്യാനാണ് എൻ.ഐ.എ ശ്രമിക്കുന്നത്. കസ്റ്രംസിന്റെ കസ്റ്റഡിയിലുളള കെ.ടി.റമീസിനെ 14 ദിവസത്തേക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം ഇയാളെ ജയിലിലേക്ക് കൊണ്ടുപോകും. സ്വർണകടത്ത് കേസിൽ റമീസിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് പ്രതിചേർത്തു.സ്വർണക്കടത്ത് കേസിൽ ഭീകര ബന്ധമുണ്ടോ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സംശയമാണ് എൻ.ഐ.എക്ക് കേസ് ഏൽപിക്കാൻ കാരണമായത്.