കണ്ണൂർ: കോവിഡ് കാലമല്ലെ ഏങ്ങനാ ഓട്ടോയിലൊക്കെ കയറുക .... എന്നു വിചാരിച്ച് വീട്ടിലിരിക്കുന്നവർക്ക് നിഹാരികയിൽ ധൈര്യത്തിൽ കയറാം. ബോധവത്ക്കരണ പോസ്റ്ററുകളും പ്രതിരോധ പ്രവർത്തനങ്ങളും നടപ്പിലാക്കി ട്രിപ്പ് എടുക്കുന്ന ഓട്ടോയാണ് നിഹാരിക.
കണ്ണാടിപ്പറമ്പ് പുല്ലുപ്പി കൃസ്ത്യൻ പള്ളിക്ക് സമീപമുള്ള ഓട്ടോസ്റ്റാൻഡിലാണ് നിഹാരിക. കയറുന്നതിന് മുൻപ് പ്രത്യേകം തയാറാക്കിയ സാനിറ്റൈസർ കൊണ്ട് കഴുകിയ ശേഷം മാത്രമേ കയറാനൊക്കൂ. അകത്തു കടന്നാലോ ഓട്ടോയുടെ ഉൾഭാഗത്ത് യാത്രക്കാരെയും ഡ്രൈവറെയും വേർതിരിച്ച് പ്രത്യേകം കാബിൻ. ഈ ഓട്ടോയിൽ യാത്രയുടെ ഇടയിൽ വല്ലയിടത്തും നിർത്തുന്നതിനോ മറ്റോ വല്ല ആവശ്യവുമുണ്ടെങ്കിൽ കാബിനകത്തെ സ്വിച്ചിൽ ഒന്ന് വിരലമർത്തിയാൽ മതി.
യാത്രക്കാരും ഡ്രൈവറും തമ്മിൽ ഒരു തരത്തിലും സ്പർശിക്കാതിരിക്കാൻ പ്രത്യേകം ക്യാബിൻ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് 19 എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ബോധവത്കരണ നിർദ്ദേശങ്ങളുമടങ്ങിയ വിവിധ പോസ്റ്ററുകളും യാത്രക്കാർക്ക് വായിക്കാവുന്ന വിധത്തിൽ വണ്ടിയിൽ പതിച്ചിട്ടുണ്ട്. പുല്ലൂപ്പി പള്ളിപ്രം സ്വദേശി മുനീറാണ് ഇതിന്റെ ഡ്രൈവർ.