സോനു എല്ലാ പരിധികളും ഭേദിച്ചെന്ന് കോടതി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ സെക്സ് റാക്കറ്റ് സംഘത്തിന്റെ 'റാണി' സോനു പഞ്ചാബന് (ഗീത അറോറ) ഡൽഹി ദ്വാരക കോടതി 24 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.12 വയസുള്ള പെൺകുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനാണ് ശിക്ഷ. പെൺകുട്ടിക്ക് 7 ലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
ഗീതയുടെ കൂട്ടാളി സന്ദീപ് ബെഡ്വാളിന് 20 വർഷം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇരുവരെയും പോക്സോ ആക്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്. 2017 ഡിസംബറിലാണ് ഇവർ അറസ്റ്റിലാകുന്നത്.
ക്രൂരതയുടെ മനുഷ്യരൂപമെന്ന് കോടതി
ക്രൂരതയുടെ മനുഷ്യരൂപമാണ് സോനുവെന്ന് വിധി പ്രഖ്യാപിക്കുന്നതിനിടെ കോടതി പരാമർശിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളെ വിൽക്കുക മാത്രമല്ല അവരെ തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നതിനായി ഇവർ ക്രൂരമായി ഉപദ്രവിച്ചിരുന്നു. പലരെയും മയക്കുമരുന്ന് കുത്തിവച്ചാണ് പുരുഷൻമാരുടെ അടുത്തെത്തിച്ചിരുന്നത്. എതിർക്കുന്ന കുട്ടികൾക്ക് നേരെ മുളക് പൊടി അടക്കം പ്രയോഗിച്ചു. ഇത്തരം സംസ്കാരശൂന്യമായ പ്രവർത്തികളിൽ ഏർപ്പെട്ട സോനു സാമൂഹിക ജീവിതം നയിക്കാൻ യോഗ്യയല്ലെന്നും ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നതാണ് മികച്ചതെന്നും കോടതി പറഞ്ഞു.
മൂന്നു വിവാഹം, ആദ്യ ഭർത്താവ് ഡോൺ
ചെറിയ പ്രായത്തിൽ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയയായ സോനു പതിനേഴാം വയസിലാണ് ഹരിയാനയിലെ റോത്തഗിൽ നിന്ന് ഡൽഹിയിലെത്തുന്നത്. തൊഴിൽ വേശ്യാവൃത്തി. സന്ദർശകരെല്ലാം വൻകിടക്കാർ. ഇതിനിടെ ഡൽഹിയിലെ അധോലോക നേതാവ് ഹിമാനുവിനെ വിവാഹം കഴിച്ചു. ഇതോടെ ഗീത പേരിനൊപ്പം സോനുവും ചേർത്തു. എന്നാൽ ഇയാൾ കൊല്ലപ്പെട്ടതോടെ മറ്റൊരു ഗുണ്ടാനേതാവ് വിജയ് സിംഗിന് ഭാര്യയായി. വിജയിയെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ശേഷം വിവാഹം കഴിച്ച ഹേമന്ദിനെയും പൊലീസ് വധിച്ചു. മനുഷ്യകടത്ത്, കൊലപാതകം, ലഹരി വില്പന തുടങ്ങി ഉത്തരേന്ത്യയിലെ എല്ലാ അനധികൃത വ്യവസായങ്ങളും ഒരുകാലത്ത് സോനുവിന്റെ ഉള്ളം കൈയിലായിരുന്നു. ഒരു കേസിലും തെളിവ് അവശേഷിപ്പിക്കുകയുമില്ല. എന്നാൽ അപ്രതീക്ഷിതമായി ഇവർ 2017ൽ പൊലീസിന്റെ വലയിൽ കുടുങ്ങുകയായിരുന്നു. അറസ്റ്റിലായി ഡൽഹി തീഹർ ജയിലിൽ കഴിയവെ ഇവർ ആത്മഹത്യശ്രമം നടത്തിയെങ്കിലും രക്ഷപ്പെട്ടു.