തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളായ സരിത്തും സ്വപ്നയുമായി അടുത്ത ബന്ധമാണുള്ളതെന്ന് കോൺസുലേറ്റിലെ ഗൺമാനായിരുന്ന ജയഘോഷ് കസ്റ്റംസിനു മൊഴി നൽകി. ജയഘോഷിന്റെ രണ്ടു വീടുകളിൽ ഇന്നലെ പരിശോധന നടത്തിയശേഷം ചോദ്യം ചെയ്തപ്പോഴാണ് ഇവരുമൊത്ത് പലതവണ വിമാനത്താവളത്തിൽ പോയിരുന്നതായും പറഞ്ഞത്.
സ്വപ്നയ്ക്കും സരിത്തിനുമൊപ്പം കോൺസുലേറ്റിലെ വാഹനത്തിൽ സഞ്ചരിച്ചിരുന്നു. പാഴ്സൽ സ്വീകരിക്കാൻ സരിത്തുമൊത്ത് കാർഗോ കോംപ്ലക്സിൽ എത്തിയിരുന്നു. എന്നാൽ, ഇരുവരുമായി ഏതു തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകിയില്ല. ജയഘോഷിന്റെ പല മൊഴികളിലും വൈരുദ്ധ്യമുള്ള സാഹചര്യത്തിൽ വീണ്ടും മൊഴിയെടുക്കും.
ജയഘോഷിന്റെ ആക്കുളം കരിമണലിലെ സ്വപ്നനിവാസ് എന്ന കുടുംബവീട്ടിലും വട്ടിയൂർക്കാവ് തോപ്പ്മുക്കിലെ ഗ്രീഷ്മത്തിലുമാണ് ഒരേസമയം പരിശോധന നടത്തിയത്. കരിമണലിലെ വീട്ടിലുണ്ടായിരുന്ന ജയഘോഷിനെ വട്ടിയൂർക്കാവിലെ വീട്ടിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകളും കണ്ടെടുത്തു. ഭാര്യ,ബന്ധുക്കൾ എന്നിവരിൽ നിന്നു വിവരം ശേഖരിച്ചു. കുടുംബവീട്ടിലെ പരിശോധന ഏറെ നേരം നീണ്ടു.
സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് ജയഘോഷിനെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.