മലപ്പുറം: നെഞ്ചുവേദനയനുഭവപ്പെട്ട് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കെത്തിയതായിരുന്നു നറുകര സ്വദേശിയായ മദ്ധ്യവയസ്ക. നഗരത്തിലെ ആശുപത്രികളൊന്നും ചികിത്സ നൽകാൻ തയ്യാറായില്ല. കൊവിഡ് ടെസ്റ്റ് റിസൽട്ടില്ലാതെ കിടത്തിചികിത്സ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് മടക്കിയയച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് കൊവിഡ് പ്രത്യേക ആശുപത്രിയാക്കിയതിനാൽ ഇവിടേക്കും പോവാനായില്ല. ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് ചികിത്സ ഉറപ്പാക്കിയത്. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളെല്ലാം കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയതോടെ അടിയന്തര ചികിത്സകൾക്ക് പോലും രോഗികൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും ഓപ്പറേഷൻ തിയേറ്ററിൽ സേവനമനുഷ്ഠിച്ച നേഴ്സിനുമടക്കം കൊവിഡ് സ്ഥിരീകരിച്ചതോടെ കിടത്തിചികിത്സ ആവശ്യം വരുന്ന കേസുകളിൽ കൊവിഡ് റിസൽട്ട് ആവശ്യപ്പെടുന്നുണ്ട്. കൊവിഡ് സംശയിക്കുന്നവരുടെ സാമ്പിൾ പരിശോധനാ ഫലം തന്നെ ലഭിക്കാൻ ഒരാഴ്ച്ചയിലധികമെടുക്കുന്ന സാഹചര്യത്തിൽ മറ്റ് രോഗികളെ പരിശോധിക്കുക അപ്രായോഗികമാണ്. വേഗത്തിൽ ചികിത്സ ലഭ്യമാക്കേണ്ട സന്ദർഭത്തിൽ കൊവിഡ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോൾ നിസ്സഹായരാവുകയാണ് രോഗികൾ.
മഞ്ചേരി മെഡിക്കൽ കോളേജിൽ മറ്റ് രോഗികളുടെ ചികിത്സയും പുനരാരംഭിക്കണമെന്ന ആവശ്യവുമായി സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്തുണ്ട്. കൊവിഡ് ചികിത്സ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റണമെന്നും മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലും പുതിയ കെട്ടിടവും കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മഞ്ചേരിക്ക് പുറമെ തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂരങ്ങാടി ആശുപത്രികളും കൊവിഡ് ചികിത്സാകേന്ദ്രങ്ങളാണ്.
ഡെങ്കിയും പനിയും കൂടുന്നു
ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. ഒരാഴ്ച്ചയ്ക്കിടെ എലിപ്പനി ബാധിച്ച് എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച് പത്തുപേരും വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. രോഗം ഗുരുതരമായാൽ ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ജില്ലയിലെ പ്രധാന ആശുപത്രികളിൽ മാത്രമാണുള്ളത്. വൈറൽപനി ബാധിതരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഒരാഴ്ച്ചയ്ക്കിടെ 3,695 പേർ ചികിത്സ തേടിയപ്പോൾ 11 പേരെ അഡ്മിറ്റ് ചെയ്തു. നിലവിൽ പ്രതിദിനം ശരാശരി 500 പേർ ചികിത്സ തേടുന്നുണ്ട്. മൺസൂൺകാലത്ത് പ്രതിദിനം 2,000ത്തിന് മുകളിൽ പേർ പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. പനിയുമായി ചികിത്സയ്ക്കെത്തിയാൽ ക്വാറന്റൈനിൽ പോവേണ്ടിവരുമെന്ന തെറ്റിദ്ധാരണയും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും പനി ബാധിച്ച് എത്തുവരോട് അകലം പാലിക്കുന്നതും സ്വയം ചികിത്സയ്ക്ക് പ്രേരിപ്പിച്ചു. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയതും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുറയാനിടയാക്കി.