തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന് വെബിനാറുകൾ സംഘടിപ്പിക്കാൻ നിർദേശം. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മാനസിക, ശാരീരിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വെബിനാറുകൾ, വീഡിയോ കോൺഫറന്‍സ് എന്നിവ മുഖേന മാഗർനിർദേശങ്ങൾ നൽകാനാണ് തീരുമാനം.
സംസ്ഥാനത്തെ വിദഗ്ധ ഡോക്ടർമാരുടെയും മന:ശാസ്ത്രജ്ഞരുടെയും സേവനം ഇതിനായി വിനിയോഗിക്കും. പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. വെബിനാറും മറ്റും നടത്തുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി.യെ ഡി.ജി.പി ചുമതലപ്പെടുത്തി.