ചാത്തന്നൂർ: കെ.പി.സി.സി നിർവാഹക സമിതി അംഗം ചിറക്കര തട്ടാരുകോണം ശ്രീമംഗലത്ത് എൻ. ജയചന്ദ്രനെ വധിക്കാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോൾ വീടിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. മുന്നിലും പിന്നിലും വ്യത്യസ്ത നമ്പരുകൾ പതിച്ച ഒമിനി വാൻ ജയചന്ദ്രന് നേരെ ഓടിച്ച് കയറ്റാൻ ശ്രമിച്ചു. ഓടി മാറിയപ്പോൾ വാനുമായി വീണ്ടും പിന്നാലെ വന്നു. സമീപത്തെ വീടിന്റെ മതിൽക്കെട്ടിനകത്ത് കയറിയാണ് ജയചന്ദ്രൻ രക്ഷപ്പെട്ടത്. വാനിലുണ്ടായിരുന്നവർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. നാട്ടുകാർ തടഞ്ഞുവച്ച വാനിനൊപ്പം ഡ്രൈവർ വരിഞ്ഞം കൃഷ്ണകൃപയിൽ ആരോമലിനെയും (23) പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പൗൾട്രി ഫാം സൃഷ്ടിക്കുന്ന മാലിന്യ പ്രശ്നങ്ങളെ കുറിച്ച് കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയാണ് ആക്രമണത്തിന് കാരണമെന്ന് ജയചന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.