മാഡ്രിഡ് : പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ അഴിച്ചുപണിയിൽ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്ന സ്പാനിഷ് ഫുട്ബാൾ ക്ൻബ് ബാഴ്സലോണയുടെ ക്രൊയേഷ്യൻ മധ്യനിര താരം ഇവാൻ റാക്കിറ്റിച്ച് തന്റെ മുൻ ക്ലബ്ബായ സെവിയ്യയിലേക്ക് കൂടുമാറി. ഫ്രീ ട്രാൻസ്ഫറിലാണ് താരം മുൻ ക്ലബ്ബിലേക്ക് തിരിച്ചുപോയത്. മൂന്നു വർഷത്തേക്കാണ് കരാർ.
ബാഴ്സയിൽ ഒരു സീസണിൽ എട്ട് ദശലക്ഷം യൂറോ പ്രതിഫലം വാങ്ങിയിരുന്ന താരം അത് മൂന്ന് ദശലക്ഷം യൂറോയായി കുറച്ചാണ് തന്റെ മുൻ ക്ലബ്ബിലേക്ക് മാറിയിരിക്കുന്നത്.
നേരത്തെ മൂന്നു വർഷം സെവിയ്യയ്ക്കായി 149 മത്സരങ്ങൾ കളിച്ച താരമാണ് റാക്കിറ്റിച്ച്. 2013-14ലെ യൂറോപ്പ ലീഗ് കിരീട നേട്ടത്തിൽ താരം പങ്കാളിയായിരുന്നു. പിന്നീടാണ് ബാഴ്സലോണയിലേക്ക് മാറുന്നത്.
നേരത്തെ ലൂയിസ് സുവാരസിനോട് ക്ലബ്ബ് വിടാൻ ബാഴ്സലോണ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിൽ നിന്നേറ്റ വൻ തോൽവിയുടെ ആഘാതത്തിൽനിന്ന് കരകയറാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങളുടെ ഭാഗമായി നിരവധി മാറ്റങ്ങളാണ് നടക്കുന്നത്.
പരിശീലകൻ ക്വിക് സെറ്റിയൻ, സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാൽ എന്നിവരെ പുറത്താക്കിയതിനു പിന്നാലെ സീനിയർ താരങ്ങളെ ഒഴിവാക്കാനും പുതിയ കളിക്കാരെ കൊണ്ടുവരാനും ക്ലബ്ബ് നീക്കം തുടങ്ങി.
സുവാരസിനൊപ്പം റാക്കിറ്റിച്ച്, സാമുവൽ ഉമിറ്റിറ്റി എന്നിവർക്കും ക്ലബ് വിടാമെന്ന് പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ നിർദേശം നൽകിയിരുന്നു. സീനിയർ താരങ്ങളായ ജെറാർഡ് പിക്വെ, ജോർഡി ആൽബ, സെർജിയോ ബുസ്കെറ്റ്സ് എന്നിവരെയും ഒഴിവാക്കുമെന്ന് സൂചനയുണ്ട്