തൃക്കരിപ്പൂർ: കാണികളെ നിയന്ത്രിച്ചും കൊവിഡ് പ്രൊട്ടോക്കാൾ പാലിച്ചും ഇത്തവണയും ഇടയിലക്കാടിലെ വാനരക്കൂട്ടത്തിന് ഓണസദ്യ വിളമ്പി.തുടർച്ചയായ പതിമൂന്നാംവർഷമാണ് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി കുരങ്ങുകൾക്ക് ഓണസദ്യ നൽകിയത്.
കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഗ്രന്ഥാലയം പ്രവർത്തക സമിതിയംഗങ്ങൾ മാത്രമാണ് ഇവിടെ എത്തിയത്. ബാലവേദിയിലെ കുട്ടികൾ ഓൺലൈനിൽ പരിപാടി കണ്ട് കയ്യടിച്ചു. മുൻവർഷങ്ങളിൽ വാനരസദ്യ കാണാൻ വിവിധ ഇടങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ എത്താറുണ്ടായിരുന്നു. കാവിലെ മുപ്പതിനടുത്തുള്ള കുരങ്ങുകളുടെ സംഘത്തിനെ 20 വർഷക്കാലം ഊട്ടിയ ചാലിൽ മാണിക്കം അസുഖം മൂലം കിടപ്പിലാണിപ്പോൾ. തങ്ങളുടെ പ്രിയപ്പെട്ട പോറ്റമ്മയുടെ അഭാവത്തിലായിരുന്നു ഇക്കുറി അവിട്ടം നാളിലെ സദ്യ. എങ്കിലും മാണിക്കത്തിന്റെ നിയോഗം ഏറ്റെടുത്ത് ഇപ്പോൾ നിത്യവും ചോറൂട്ടുന്ന ഓട്ടോറിക്ഷ ഡ്രൈവർ കെ. മഹേഷ് പപ്പീയെന്ന് പേരെടുത്തു നീട്ടി വിളിച്ചതോടെ വാനരക്കൂട്ടം ആഹ്ലാദത്തോടെ മരക്കൊമ്പുകൾ കുലുക്കി ഇളകിയാടിയെത്തുകയായിരുന്നു. ചോറിന് പിറകെ പപ്പടത്തിന്റെ ആകൃതിയിൽ മുറിച്ചെടുത്ത ബീറ്റ് രൂട്ടും വിവിധ തരത്തിൽ അരിഞ്ഞെടുത്ത തക്കാളി, കാരറ്റ് ,വെള്ളരി, കക്കിരി, കോവയ്ക്ക, ഫാഷൻ ഫ്രൂട്ട്, വാഴപ്പഴം, പ്പോട്ട, പൈനാപ്പിൾ ,തേങ്ങാപ്പൂൾ എന്നിവ ഡസ്കിന് മുകളിൽ നിരന്നതോടെ ആർത്തിമൂത്ത നിലയിലായി വാനരപ്പട .ബീറ്റ് റൂട്ടിനോടായിരുന്നു എല്ലാവർക്കും കൂടുതൽ പ്രിയം. ഇരുപതോളം വാനരങ്ങളാണ് സദ്യയിൽ പങ്കുചേർന്നത്.ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസ്സിൽ നൽകിയ വെള്ളവും ഇടയ്ക്കിടെ കുടിച്ച്, ആവശ്യത്തിലധികം വാരിവലിച്ചു തിന്ന് ബാക്കി കവിളിൽ നിറച്ചും സന്തോഷിക്കുകയായിരുന്നു കുരങ്ങിൻകൂട്ടം.
കാവിലെ കുരങ്ങുകളുടെ എണ്ണം അഞ്ചായി ചുരുങ്ങിയതിനെ തുടർന്ന് നവോദയ ഗ്രന്ഥാലയം തൃശൂർ മൃഗശാലയുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ സന്ദർശകർ നൽകുന്ന ഭക്ഷണങ്ങളായ ബിസ്ക്കറ്റും ഉപ്പു ചേർത്ത പലഹാരങ്ങളുമാണെന്ന് വില്ലനെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർ പ്രവർത്തനമായാണ് പഴങ്ങളും പച്ചക്കറികളും വിഭവങ്ങളായി വിളമ്പി ബോധവൽക്കരണത്തിലൂന്നിയുള്ള സദ്യ സംഘടിപ്പിച്ചു വരുന്നത്. ഗ്രന്ഥാലയം പ്രവർത്തകരായ പി. വേണുഗോപാലൻ, പി. വി. പ്രഭാകരൻ, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ വി. കെ. കരുണാകരൻ, എം. ബാബു ,ടി .പി. രാമചന്ദ്രൻ ,എൻ. വി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
ഇടയിലക്കാട്ടിൽ ഇന്നലെ നടന്ന വാനരുടെ ഓണസദ്യ