മധുര: അഞ്ചുമാസങ്ങൾക്ക് ശേഷം മധുര മീനാക്ഷി ക്ഷേത്രവും തിരുപ്പറംകുൺട്രം ക്ഷേത്രവും ഇന്നലെ മുതൽ ഭക്തർക്കായി തുറന്നു കൊടുത്തു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് ക്ഷേത്രദർശനം ആരംഭിച്ചിരിക്കുന്നത്. വരുന്നവർ മാസ്ക് ധരിക്കണം. പനിയുണ്ടോയെന്ന് പരിശോധിച്ചാണ് ഉള്ളിലേക്ക് കടത്തിവിടുക. ഗർഭിണികൾ, പത്തു വയസിന് താഴെയുള്ള കുട്ടികൾ, 65 വയസിനു മുകളിലുള്ളവർ എന്നിവർക്ക് പ്രവേശനമില്ല. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാണ് പ്രവേശനം.