ന്യൂഡൽഹി: ഭൂമിയിൽ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന അറിയപ്പെടാത്ത നക്ഷത്ര സമൂഹത്തിന്റെ ചിത്രംപകർത്തി ഇന്ത്യയുടെ ആദ്യ ആകാശ നിരീക്ഷണ ഉപഗ്രഹമായ അസ്ട്രോസാറ്റ് അപൂർവ്വ നേട്ടംകൈവരിച്ചു. ഭൂമിയിൽ നിന്ന് 930 കോടി പ്രകാശ വർഷം അകലെ സ്ഥിതി ചെയ്യുന്ന എ.യു.ഡി.എഫ് എസ് 01 എന്ന നക്ഷത്ര സമൂഹത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആസ്ട്രോസാറ്റിന്റെ യുവി ഐടി ഡിറ്റക്ടർ പിടിച്ചെടുത്തതോടെയാണിത്.
പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോ ഫിസിക്സിലെ (ഐ.യു.സി.എ.എ) ഡോ. കനക് സാഹയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ആസ്ട്രോസാറ്റിന്റെ സഹായത്തോടെ കണ്ടുപിടിത്തം നടത്തിയത്. ഇതു സംബന്ധിച്ച് ബ്രിട്ടനിലെ നാച്വർ ആസ്ട്രോണമി എന്ന ജേർണൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2015 സെപ്തംബറിൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ആസ്ട്രോസാറ്റിന്റെ യുവി ഐടി ഡിറ്റക്ടർ നാസയുടെ ഹബ്ബിൾ സ്പേസ് ടെലസ്കോപിനെക്കാൾ മികച്ചതാണ്. നേട്ടം കൈവരിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഡോ. ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.