കൊല്ലം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് തിരുവോണ ദിനത്തിൽ ജില്ലയിലെങ്ങും ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി. കൊലപാതകത്തിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഉന്നത ഗൂഢാലോചന ആരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധം നടത്തിയത്. ദേശീയപാതയിലൂടെ വന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രകടനം കോളേജ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. ശാസ്താംകോട്ട ഭരണിക്കാവിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനും സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റി ഓഫീസിനും നേരെ കല്ലേറുണ്ടായി. രണ്ട് ഓഫീസുകളുടെയും ജനൽച്ചില്ലുകൾ തകർന്നു.
ഡി.സി.സി ഓഫീസിന് നേരെ ആക്രമണം
ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധങ്ങൾക്കിടെ കൊല്ലം ഡി.സി.സി ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫീസിന് മുന്നിൽ പൊലീസ് നിൽക്കവേ മതിൽ ചാടിക്കടന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓഫീസിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്തു. ഇതുമായി ബന്ധപ്പെട്ട് ആറ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ് , എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. ഡി.സി.സി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധവുമായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് കമ്മിഷണർ ഓഫീസ് മേൽപ്പാലത്തിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
സംഘർഷ സാദ്ധ്യതയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പാർട്ടി ഓഫീസുകൾക്ക് നേരെ അക്രമസാദ്ധ്യത നിലനിൽക്കുന്നതിനാൽ പൊലീസ് കനത്ത ജാഗ്രതയിലാണ്. ജില്ലയിലെങ്ങും സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. ഇന്നലെ വൈകിട്ട് യൂണിറ്റ് കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തി. ഇന്ന് കരിദിനാചരണം നടത്താൻ സി.പി.എം ആഹ്വാനം ചെയ്തിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസും പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.