കൊച്ചി: ലോക്ക് ഡൗൺ കാലത്ത് പാചകം മുതൽ കലാരംഗത്ത് വരെ അതിജീവനവഴി തേടിയ സ്ത്രീകളെ ചെറുസംരംഭകരാക്കി മാറ്റിയ സാമൂഹ്യമാദ്ധ്യമ കൂട്ടായ്മ പുതിയ ദൗത്യങ്ങളിലേക്ക്.
സംരംഭകയായ രൂപ ജോർജ് ആവിഷ്കരിച്ച രൂപ ജോർജ് സർക്കിൾ ആണ് സ്ത്രീശാക്തീകരണത്തിന് കരുത്ത് പകരുന്നത്.
ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ഓൺലൈൻ യോഗപരിശീലനം, ഓൺലൈൻ ക്ലാസുകൾ, ഭരതനാട്യം, കുച്ചിപ്പുടി, വിദേശഭാഷ തുടങ്ങിയവ പരിശീലിപ്പിക്കുന്നവരെ പരിചയപ്പെടുത്തുകയാണ് രൂപ ചെയ്യുന്നത്.
കൊച്ചി നഗരത്തിൽ മാത്രം രൂപ ജോർജ് സർക്കിളിന്റെ പത്തു വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സേവനമുണ്ട്. കൊവിഡ് കാലത്ത് വീട്ടമ്മമാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗദർശനമായി കൂട്ടായ്മ മാറി.
ലോക്ക് ഡൗൺ തുടക്കത്തിൽ കുറച്ചുപേരെ മാത്രം അംഗങ്ങളാക്കി അഞ്ചു കൂട്ടായ്മകളുണ്ടാക്കി. പിന്നീട് അംഗങ്ങൾ വർദ്ധിച്ചു.
പാലക്കാട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലുള്ളവരെയും ഉൾപ്പെടുത്തി. അംഗങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങളും മറ്റു സഹായങ്ങളും കൂട്ടായ്മയിലൂടെ ലഭ്യമാക്കുന്നുണ്ട്.
ഓണക്കാലത്തും സജീവം
ഓണക്കാലത്തും കൂട്ടായ്മയുടെ പ്രവർത്തനം സജീവമായിരുന്നു. വീടുകളിലേക്ക് സാധാനങ്ങൾ എത്തിച്ചു നൽകുന്നവർ, മാസ്ക് നിർമ്മിക്കുന്നവർ, വസ്ത്രങ്ങളുടെ ഓൺലൈൻ വില്പനക്കാരായ സ്ത്രീകൾ എന്നിവരെയും ഉൾപ്പെടുത്തി.
ഓൺലൈൻ സൗകര്യമില്ലാത്ത സ്കൂളുകൾക്കായി 40 ടെലിവിഷൻ സ്പോൺസർമാർ വഴി ലഭ്യമാക്കി. ഓട്ടിസം ബാധിച്ച കുട്ടിക്ക് സഹായം ഉൾപ്പെടെ ജീവകാര്യ പ്രവർത്തനങ്ങളും കൂട്ടായ്മ ഏറ്റെടുത്തു. ആരോഗ്യ പ്രവർത്തകരെ ആദരിച്ച് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.
നിരവധിപേർക്ക് വരുമാനം
വീട്ടമ്മമാരെ കൂടുതൽ സംരംഭമേഖലകളിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ഗ്രൂപ്പിന്റെ വിജയമാണ്. ഓരോർത്തർക്കും പുത്തൻ ആശയങ്ങളാണ് ഗ്രൂപ്പിലൂടെ ലഭിക്കുന്നത്. നിരവധി പേർക്ക് വരുമാനമാർഗം കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
രൂപ ജോർജ്
സ്ഥാപക