കോട്ടയം: ഓണം, അതിന് ശേഷം എട്ട് നോമ്പ്. സീസൺ അല്ലാതിരുന്നിട്ടും ഇറച്ചിക്കോഴി വില പറന്ന് കയറുകയാണ്. ഒരാഴ്ചകൊണ്ട് 25 രൂപയാണ് കിലോയ്ക്ക് കൂടിയത്. തമിഴ്നാട്ടിൽ നിന്ന് കോഴി വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
ലോക്ക് ഡൗൺ കാലത്ത് കോഴി വില 45- 50ൽ എത്തിയെങ്കിൽ ആറ് മാസങ്ങൾക്ക് ശേഷം വില കുതിക്കുകയാണ്. ഇറച്ചിക്കോഴികൾ കൊറോണ വൈറസ് വാഹകരാകുമെന്ന വ്യാജപ്രചാരണത്തെത്തുടർന്ന് വിൽപ്പന കുറഞ്ഞതാണ് വില കുറയാൻ കാരണമായത്. തുടർന്ന് ലോക്ഡൗൺ വരവോടെ മുൻ മാസങ്ങളിൽ തമിഴ്നാട്ടിൽ വിരിയിച്ചിറക്കിയ കോഴികളെ വിൽക്കാനാവാതെ പ്രതിസന്ധിയിലായി. ഇതോടെ തമിഴ്നാട്ടിലെ കോഴിഫാമുകൾ പലതും പൂട്ടി. ഫാമുകൾ പൂട്ടിയതിന്റെ ആഘാതം ഇപ്പോഴാണ് അനുഭവപ്പെട്ടു തുടങ്ങിയത്. പത്തു ദിവസം മുമ്പു നൂറിൽ താഴ്ന്ന വില ഇന്നലെ 125 രൂപയാണ്. സാധാരണ ഈ സമയങ്ങളിൽ സീസൺ അല്ലാത്തതിനാൽ വിലകുറയേണ്ടതാണ്. കഴിഞ്ഞ തവണ ഈ സമയത്ത് എൺപതിന് താഴെയായിരുന്നു വില.
അടുക്കളയ്ക്ക് പ്രിയം കോഴി
വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ആളു കുറഞ്ഞതും ഹോട്ടൽ തട്ടുകടകളിൽ കച്ചവടം കുറഞ്ഞതും വില കുറയ്ക്കേണ്ടതാണെങ്കിലും അതൊന്നും വിപണിയിൽ പ്രതിഫലിക്കുന്നില്ല. മറ്റിനം ഇറച്ചികൾക്കു വില ഉയർന്നു നിൽക്കുന്നതിനാലും ലഭിക്കാനും പാചകം ചെയ്യാനുമുള്ള എളുപ്പത്തിൽ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇറച്ചിക്കോഴികളെയാണ്. നിലവിൽ, ആഭ്യന്തര വിപണിയിൽ നിന്നുള്ള ഇറച്ചിക്കോഴികളെ ആശ്രയിച്ചാണ് വ്യാപാരം തടസമില്ലാതെ നടക്കുന്നത്.
ഇറച്ചിക്കോഴി വില ഇപ്പോൾ :125 രൂപ
പത്തുദിവസം മുൻപു വില: 100 രൂപ
കഴിഞ്ഞവർഷം ഇതേസമയം: 80 രൂപ
ലോക്ക് ഡൗൺ കാലത്തെ വില: 45രൂപ
''ഇവിടെ നിന്ന് തമിഴ്നാട്ടിലേയ്ക്ക് കോഴിയെ എത്തിക്കേണ്ട അവസ്ഥയാണ്. വില കൂടുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. കച്ചവടം കുറയുമ്പോൾ കൂടുതൽ തീറ്റയും വെള്ളവും ചെലവാകും''
അനീഷ്, വ്യാപാരി