കടയ്ക്കാവൂർ: രണ്ട് പ്രളയങ്ങളും കൊവിഡും മൂലം സ്തംഭനാവസ്ഥയിലായ ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയിലെ തൊഴിലാളികളുടെ ഈ ഓണക്കാലവും പട്ടിണിയിലായിരുന്നു. സീസൺ മുന്നിൽക്കണ്ട് വായ്പയെടുത്തും കടം വാങ്ങിയും ഉപകരണങ്ങൾ വാങ്ങിയവർ കടം തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായി. ക്ഷേത്രോത്സവങ്ങളും പൊതു പരിപാടികളും എല്ലാം മുടങ്ങിയതോടെ ഈ മേഖലയിലെ സംരംഭകരും തൊഴിലാളികളും കടക്കാരും പട്ടിണിക്കാരുമായി. ഉത്സവം നടക്കുമെന്ന പ്രതീക്ഷയിൽ ക്ഷേത്രപരിസരത്ത് ലൈറ്റുകളും മൈക്കുകളും കെട്ടിയ ശേഷം ഉത്സവം നടക്കില്ലെന്ന് അറിഞ്ഞപ്പോൾ പണം കിട്ടാതെ കണ്ണീരോടെ മടങ്ങിപ്പോകേണ്ടി വന്ന അവസ്ഥയുമുണ്ടായി. ലക്ഷക്കണക്കിന് വിലവരുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതായതോടെ ഉപകരണങ്ങളും നശിക്കുകയാണ്. ഉത്സവസീസൺ മുഴുവൻ നഷ്ടമായ ഇവർക്ക് ഓണക്കാലം ഒരു പ്രതീക്ഷയായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആ പ്രതീക്ഷയും മങ്ങി. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കാലവും പട്ടിണിക്കാലമായി മാറി. ഓണക്കാലത്തും ഉത്സവക്കാലത്തും ജനങ്ങളുടെ സന്തോഷത്തിന് മാറ്റു കൂട്ടാൻ അഹോരാത്രം പണിയെടുത്തിരുന്ന ഇക്കൂട്ടരുടെ അവസ്ഥ ഇന്ന് ദയനീയമാണ്. മറ്റെല്ലാ മേഖലയിലും ഉപാധികളോടെ ലോക്ക് ഡൗൺ ഇളവുകൾ നൽകി പ്രവർത്തിക്കാൻ അനുവാദം നൽകിയതു പോലെ ഇവരെയും അനുവദിക്കണമെന്നാണ് ആവശ്യം. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഏക പ്രതീക്ഷ.