ബ്രസൽസ്: നൂറ്റാണ്ടോളം പഴക്കമുള്ള കിഴക്കൻ ബെൽജിയത്തിലെ വെർവിയേഴ്സിലെ ഒരു അലങ്കാര ഫൗണ്ടന്റെ പുനരുദ്ധാരണത്തിനിടെ, തൊഴിലാളികൾ കണ്ടെത്തിയത് 'ഒരു ഹൃദയം'!. കേൾക്കുമ്പോൾ അത്ഭുതം തോന്നാം, പക്ഷേ, സത്യമാണ്...
181 വർഷം മുമ്പ് മരിച്ച നഗരത്തിലെ ആദ്യത്തെ മേയറുടെ ഹൃദയമാണ് ഇത്രയും ദശാബ്ദങ്ങളായി ഫൗണ്ടന്റെ ഉള്ളിൽ, ഒരു സിങ്ക് പെട്ടിയ്ക്കുള്ളിൽ ആൽക്കഹോൾ നിറച്ച ജാറിനകത്താക്കി സൂക്ഷിച്ചിരുന്നത്. ഫൗണ്ടൻ പുനഃരുദ്ധാരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾക്കിടെയാണ് ഹൃദയം സൂക്ഷിച്ചിരുന്ന പേടകം കണ്ടെത്തിയത്.
നഗരത്തിലെ ആദ്യ മേയറായിരുന്ന പിയറി ഡേവിഡ് , 1839 ൽ തന്റെ 68-ാം വയസിലാണ് അന്തരിച്ചത്. പിയറി ഡേവിഡിന്റെ മരണശേഷം അദ്ദേഹത്തെ ആദരിക്കാനാണ് അധികൃതർ ഫൗണ്ടൻ നിർമിച്ചത്. പിയറിയുടെ കുടുംബ ഡോക്ടർ ആണ് അദ്ദേഹത്തിന്റെ ഹൃദയം ശരീരത്തിൽ നിന്നും നീക്കം ചെയ്ത് പേടകത്തിലാക്കിയത്.
പിയറി ഡേവിഡിന്റെ അർദ്ധകായ പ്രതിമയോട് ചേർന്ന് ഫൗണ്ടന്റെ മുകൾഭാഗത്തെ ഒരു പൊള്ളയായ കല്ലിന് പിറകിലായിരുന്നു പേടകം സൂക്ഷിച്ചിരുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കിടെ ഈ കല്ല് നീക്കം ചെയ്തപ്പോൾ കണ്ടെത്തിയ പേടകം നഗരത്തിലെ ഫൈൻ ആർട്സ് മ്യൂസിയത്തിലേക്ക് മാറ്റി.
മേയറുടെ പേരിൽ അറിയപ്പെടുന്ന ഫൗണ്ടൻ 1883ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1883 ജൂൺ 25നാണ് പിയറി ഡേവിഡിന്റെ ഹൃദയം ഈ സ്മാരക ഫൗണ്ടനിൽ സ്ഥാപിക്കപ്പെട്ടതെന്ന് ഹൃദയം സൂക്ഷിച്ചിരിക്കുന്ന പേടകത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മേയറുടെ ഹൃദയം ഫൗണ്ടനുള്ളിലുണ്ടെന്ന് നാട്ടിൽ പറയപ്പെട്ടിരുന്നുവെങ്കിലും പലരും ഇത് വിശ്വസിച്ചിരുന്നില്ല. എന്നാൽ ഫൗണ്ടന്റെ ഉള്ളിൽ നിന്നും ഹൃദയം ശരിക്കും കണ്ടെത്തിയതോടെ ഏവരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കയാണ്.