ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത വെബ്സൈറ്റിന്റെ ഭാഗമായ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഔദ്യോഗിക അക്കൗണ്ടുകളെ ബാധിച്ചിട്ടില്ല. ട്വിറ്റർ അന്വേഷണം തുടങ്ങി. ഹാക്ക് ചെയ്തത് ജോൺ വിക്ക് ആണെന്ന സന്ദേശം അക്കൗണ്ടിൽ കാണാം. ജോൺ വിക്ക് കഴിഞ്ഞ ദിവസം പേടിഎമ്മിന്റെ ഇ-കൊമേഴ്സ് വിഭാഗമായ പേടിഎം മാൾ ഹാക്ക് ചെയ്തതായി ആരോപണമുയർന്നിരുന്നു. എന്നാൽ പേടിഎം മാൾ ഹാക്ക് ചെയ്തതില്ലെന്ന വിശദീകരണവും മോദിയുടെ അക്കൗണ്ടിലെ സന്ദേശത്തിൽ നൽകിയിട്ടുണ്ട്.
2011ൽ ആരംഭിച്ച ഈ അക്കൗണ്ടിൽ 25ലക്ഷം പേർ മോദിയെ പിന്തുടരുന്നുണ്ട്. ആഗസ്റ്റ് 31ന് സംപ്രേക്ഷണം ചെയ്ത മൻ കി ബാത്ത് പ്രതിമാസ റേഡിയോ സംഭാഷണ പരിപാടിയുടെ വിശദാംശങ്ങളാണ് ഈ അക്കൗണ്ടിൽ അവസാനമായി പോസ്റ്റു ചെയ്തത്. 2009ൽ തുടങ്ങിയ മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ 6.1 കോടി റെക്കാഡ് ഫോളോവേഴ്സാണുള്ളത്.
യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, മുൻ പ്രസിഡന്റ് ബരാക് ഒബാമ, കോടീശ്വരൻ ഇലോൺ മസ്ക്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തുടങ്ങിയ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളും അടുത്ത കാലത്ത് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.