ചങ്ങനാശേരി: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളും പാഞ്ചാലിമേടും ഉൾപ്പെടുന്ന തീർത്ഥാടന പ്രോജക്ടിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുങ്ങുന്നു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടന്ന ബോർഡ് യോഗത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. അടുത്ത വൈശാഖ മാസത്തിനു മുൻപായി പദ്ധതികൾ നടപ്പിലാക്കും.
തൃക്കൊടിത്താനം, തിരു ആറന്മുള, തൃച്ചിറ്റാറ്റ്, തൃപുലിയൂർ, തിരുവൻവണ്ടൂർ ക്ഷേത്രങ്ങളുടെ വികസന അജണ്ട തയാറാക്കും. കൊച്ചിൻ ഷിപ്പ് യാർഡ് സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് അഞ്ചമ്പല ഡോക്യുമെന്ററിയും മൊബൈൽ ആപ്പും തയാറാക്കാൻ ആറന്മുള അസി. കമ്മീഷണറെ ചുമതലപെടുത്തി. ക്ഷേത്രങ്ങളിൽ ഗോശാല അടക്കമുള്ള കാര്യങ്ങൾ പ്രോജക്ടിൽ ഉൾപ്പെടുത്തും. പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ കെ. എസ്. രവി, എൻ. വിജയകുമാർ, ദേവസ്വം ഉദ്യോഗസ്ഥരായ ടി. കെ. അനിൽ വാര്യർ, കെ. എസ്. ഗോപിനാഥൻ പിള്ള, ശ്രീകുമാരി, പി. അജികുമാർ, എസ്. വിജയകുമാർ, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർമാർ, അഞ്ച് അമ്പല ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനായി ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കും.
എൻ വാസു, ബോർഡ് പ്രസിഡന്റ്