ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിലുണ്ടായ നഷ്ടം 88.41 ലക്ഷമെന്ന് ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്. ദുരന്തത്തിലകപ്പെട്ടവരുടെ വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ എന്നിവയുടെ നഷ്ടമാണിത്. ആഭരണങ്ങളും പണവും ഈ കണക്കിൽപ്പെടുന്നില്ല. ദുരന്തത്തിൽ മരിച്ച 66 പേരുടെയും യഥാർത്ഥ അനന്തരാവകാശികളെ പ്രത്യേകസംഘം കണ്ടെത്തി. ഇവരുടെ ഓരോരുത്തരുടെയും കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ വീതം നൽകും. ദുരന്തത്തിലകപ്പെട്ട 13 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും സ്പെഷ്യൽ തഹസിൽദാർ ബിനു ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റ് ആറിന് രാത്രി 10.30നുണ്ടായ ഉരുൾപൊട്ടലിൽ 22 കുടുംബങ്ങളിലായി 82 പേരാണ് അകപ്പെട്ടത്. ഇതിൽ 14 കുടുംബങ്ങളിൽ ഒരാൾ പോലും ബാക്കിയില്ല. രണ്ട് കുടുംബങ്ങളിലെ എല്ലാവരും പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരിൽ മൂന്ന് പേർ കോലഞ്ചേരി മെഡിക്കൽ കോളേജിലും നാല് പേർ ടാറ്റാ ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇവരുടെ ചികിത്സാ ചെലവ് ടാറ്റയാണ് വഹിക്കുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് ചെളിയും മറ്റും കയറിയ സമീപത്തെ ലയങ്ങളിലുള്ളവർക്ക് വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങുന്നതിന് 3800 രൂപ വീതം നൽകും. ഇത്തരത്തിൽ 35 കുടുംബങ്ങൾക്കായി ആകെ 3.51 കോടിരൂപ സർക്കാർ സഹായം ലഭിക്കും. 15 ദിവസം കൊണ്ട് പൂർത്തിയാക്കിയ റിപ്പോർട്ട് ഇന്നലെ ജില്ലാ കളക്ടർ എച്ച്. ദിനേശന് സമർപ്പിച്ചു.
ദുരന്തത്തിലകപ്പെട്ട 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും കാണാതായ നാല് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ നാട്ടുകാർ തുടരുകയാണ്. ദിനേശ്കുമാർ (22), കാർത്തിക (21), പ്രിയദർശിനി (11), കസ്തൂരി (20) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
കേരള സർക്കാരിന് പുറമെ തമിഴ്നാട് സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷവും കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി മരിച്ച തൊഴിലാളി കുടുംബങ്ങൾക്ക് അഞ്ച് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി പ്രഖ്യാപിച്ച അഞ്ച് ലക്ഷം ദുരന്തത്തിൽ മരിച്ച 15 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലഭിക്കും.