ജനീവ: നിലവിൽ ലോകരാജ്യങ്ങളിൽ പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളിൽ 50 ശതമാനം പോലും ഉറപ്പുവരുത്താൻ ഇവയ്ക്കായിട്ടില്ലെന്നും
ഡബ്ളൂ.എച്ച്.ഒ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
2021 പകുതി വരെ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കേണ്ടതുണ്ട്.
മൂന്നാംഘട്ട പരീക്ഷണത്തിന് കൂടുതൽ സമയമെടുക്കും, കാരണം വാക്സിന് എത്രത്തോളം സുരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്. - ഹാരിസ് കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങൾ വാക്സിൻ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരെയും പേരെടുത്ത് ഹാരിസ് പറഞ്ഞിട്ടില്ല.
വാക്സിനുകളുടെ ഗുണമേന്മ പരിശോധിക്കാനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഒരു റിവ്യു കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അഥാനോം നേരത്തെ പറഞ്ഞിരുന്നു.
ഇതിനിടെ അമേരിക്ക ഒക്ടോബറിൽ വാക്സിൻ വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഒക്ടോബറിൽ വാക്സിൻ ഇറക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം റഷ്യ വാക്സിൻ പുറത്തിറക്കിയെങ്കിലും, ലോകരോഗ്യ സംഘടന അതിൽ തൃപ്തരല്ല.
7,000ത്തോളം ആരോഗ്യപ്രവർത്തകർക്ക്
ജീവൻ നഷ്ടമായെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ
ലോകത്ത് ഏഴായിരം ആരോഗ്യപ്രവർത്തകർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ആംനെസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ഏറ്റവുമധികം മരണം മെക്സിക്കോയിലാണ്. 1300 ആരോഗ്യ പ്രവർത്തകരാണ് ഇവിടെ മരിച്ചത്. ഇന്ത്യയിൽ 573ഉം അമേരിക്കയിൽ 1077 ആരോഗ്യപ്രവർത്തകരും മരിച്ചു. മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഏഴായിരത്തിലധികം ആളുകൾ മരിക്കുന്നത്. ഇതൊരു വലിയ പ്രതിസന്ധിയാണ്. ആരോഗ്യപ്രവർത്തകർക്കും ജോലിസ്ഥലത്ത് സുരക്ഷിതമായിരിക്കാൻ അവകാശമുണ്ട്. പലരും സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് ഖേദകരമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ സാമ്പത്തിക സാമൂഹ്യനീതി മേധാവി സ്റ്റീവ് കോക്ക്ബേൺ പറഞ്ഞു. കൊവിഡ് മാസങ്ങൾ പിന്നിട്ടിട്ടും, ആരോഗ്യ പ്രവർത്തകർ മെക്സിക്കോ, ബ്രസീൽ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും ഭയാനകമായ നിരക്കിൽ മരിക്കുന്നുണ്ട്. അതേസമയം തന്നെ ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അതിവേഗം രോഗം വ്യാപിക്കുകയുമാണ്. ഇത് എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്. എല്ലാ ആരോഗ്യ പ്രവർത്തകർക്കും മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആഗോള സഹകരണം ഉണ്ടാകണം. അത് ആരോഗ്യ പ്രവർത്തകർക്ക് സ്വന്തം ജീവൻ പണയപ്പെടുത്താതെ അവരുടെ ജോലി തുടരാൻ സഹായിക്കുമെന്നും സ്റ്റീവ് കോക്ക്ബേൺ കൂട്ടിച്ചേർത്തു.