കൊല്ലം: ഗൃഹനാഥനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണനല്ലൂർ പൊലീസ് കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകി. നെടുമ്പന മുട്ടയ്ക്കാവ് വടക്കേ തൊടി വീട്ടിൽ ഷൗക്കത്തലിയെ (60) കൊലപ്പെടുത്തിയ മണലിൽ വെള്ളച്ചാൽ പുത്തൻവീട്ടിൽ ഷൈജു (31), വെള്ളച്ചാൽ അനീഷ് ഭവനിൽ അനീഷ് (30) എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്നലെയാണ് അപേക്ഷ നൽകിയത്.
കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പ്രതികൾക്ക് കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ച ശേഷമേ കസ്റ്റഡിയിൽ വിടുന്ന കാര്യത്തിൽ തീരുമാനമാകൂ. കഴിഞ്ഞ മാസം 28ന് രാവിലെ 10ന് മരം മുറിപ്പ് തൊഴിലാളിയായ ഷൗക്കത്തലിയെ മുട്ടയ്ക്കാവിൽ റബർ ടാപ്പിങ്ങിനെത്തിയ ഷൈജു കാടക്കോഴി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാണ് കൂട്ടികൊണ്ട് പോയത്. രണ്ടു ദിവസമായിട്ടും ഷൗക്കത്തലി തിരികെ എത്താതിരുന്നതിനെ തുടർന്നാണ് ഭാര്യ ഉമൈറ കണ്ണനല്ലൂർ പൊലീസിന് പരാതി നൽകിയത്. ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.