ആലപ്പുഴ: മൺമറയുമായിരുന്ന നാടൻ പാട്ടുകളെ കൈപിടിച്ച് ഒപ്പം കൂട്ടുകയാണ് മലയാളം അദ്ധ്യാപകനും നാടൻ പാട്ടുകളുടെ ഗവേഷകനുമായ പുന്നപ്ര ജ്യോതികുമാർ. വലിയഴീക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായ ജ്യോതികുമാർ ചെറുപ്പം മുതൽ നാടൻ പാട്ടുകൾ പ്രാണനായിരുന്നു. പഴയ തലമുറ പ്രചരിച്ചിരുന്ന അമ്മാനപ്പാട്ടുകളും മൊഴിപ്പാട്ടുകളും ഏറ്റുവാങ്ങി പുതുതലമുറയ്ക്ക് പകരുന്ന വലിയ ദൗത്യമാണ് ജ്യോതികുമാറിന്റെ കൈകളിലുള്ളത്.
വയലിനിസ്റ്റും ഹാർമോണിസ്റ്റുമായിരുന്ന അച്ഛൻ പി.വി. മഹിപാലനാണ് വഴികാട്ടി. അമ്മ മനോഹരിയുടെ നാടായ പള്ളാത്തുരുത്തിയിൽ നിന്നാണ് കുട്ടനാടൻ പാട്ടുകളുടെ സാഹിത്യം നാട്ടറിവും തേടിയുള്ള യാത്ര ആരംഭിച്ചത്. രാമങ്കരി നാഷണൽ പാരലൽ കോളേജിൽ അദ്ധ്യാപകനായപ്പോൾ ഗവേഷണങ്ങൾക്ക് ഊജ്ജമേറി. കൊയ്ത്തുപാട്ട്, ഞാറ്റുപാട്ട്, ചക്രപ്പാട്ട്, കളിപ്പാട്ട്, വഞ്ചിപ്പാട്ട്, ഇടനാടൻ പാട്ട്, ചെങ്ങന്നൂർപാട്ട് തുടങ്ങി ആയിരക്കണക്കിന് നാടൻ ശീലുകൾ ജ്യോതികുമാർ വീണ്ടെടുത്തു.
1993ൽ ആലപ്പുഴ എസ്.ഡി കോളേജിലെ സാഹിത്യ വിദ്യാർത്ഥിയായിരിക്കെ, യുവജനോത്സവത്തിന് സ്വന്തം കവിതയായ 'നാക്കില്ലാ കളരി" അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കവി 'പരിചിതന"ല്ലെന്ന കാരണത്താൽ അനുമതി ലഭിച്ചില്ല. തുടർന്ന് കാമ്പസിൽ സുഹൃത്തുക്കളുടെ നടുവിലുരുന്ന് അതാലപിച്ച് ആത്മസംതൃപ്തി നേടിയ കവിയെ ഒ.എൻ.വി അടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു.
കാവാലം നാരായണപ്പണിക്കരുടെ കുരുന്നുകൂട്ടം, വി. സാംബശിവന്റെ കളിവീട്, കളിയരങ്ങ്, മാമ്പഴക്കൂട്ടം, കുട്ടിക്കൂട്ടം തുടങ്ങിയ വേനൽക്കാല കളരികളിൽ ജ്യോതികുമാറിന്റെ നാടൻ പാട്ടുകൾ സ്ഥിരം സാന്നിദ്ധ്യമാണ്. പ്രളയ അതിജീവനത്തിന്റെ ഭാഗമായി തയ്യാറാക്കിയ 'ജീവിതത്തെ തിരിച്ചുപിടിക്കൽ" എന്ന കവിത യൂണിസെഫ് ഏറ്റെടുത്ത് പുരസ്കാരം സമ്മാനിച്ചിരുന്നു. ഇതേ കവിത പരിഷ്കാരങ്ങളോടെ 59-ാമത് സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി. വള്ളംകളിയുടെ ദൃക്സാക്ഷി വിവരണം, ശബരിമല മകരജ്യോതി വിവരണം, തൃശൂർപൂര വിവരണം തുടങ്ങി കൊവിഡ് പ്രതിരോധത്തിന്റെ മുന്നറിയിപ്പ് സന്ദേശമായി വരെ ജ്യോതികുമാറിന്റെ ശബ്ദത്തിൽ നിറയുകയാണ്.
അദ്ധ്യാപനത്തിലും തിളക്കം
അഞ്ഞൂറിലധികം കവിതകൾ ആൽബങ്ങളായി ജ്യോതികുമാർ പുറത്തിറങ്ങിയിട്ടുണ്ട്. 25 വർഷമായി സംസ്ഥാന യുവജനോത്സവ വേദികളിലെ നാടൻപാട്ട്, കവിത, പ്രസംഗം, വഞ്ചിപ്പാട്ട് ഇനങ്ങളിൽ വിധികർത്താവാണ്. എൻ.എസ്.എസ് വേളണ്ടിയർമാർക്കുവേണ്ടി തുടർച്ചയായി ക്ലാസുകളെടുക്കുന്ന ജ്യോതികുമാറിന് 2007ലെ മികച്ച അദ്ധ്യാപകനുള്ള പുരസ്കാരവും ലഭിച്ചു. ഐ.ജി പി. വിജയന്റെ നേതൃത്വത്തിലുള്ള നന്മക്കൂടടക്കം വിവിധ സംഘടനകളുടെ ഭാഗമായി സന്നദ്ധ പ്രവർത്തന രംഗത്തുണ്ട്. ഈ ഓണക്കാലത്ത് ഹിറ്റായ 'അമ്പട വയറാ മാവേലി"എന്ന ഓണപ്പാട്ടിന് പിന്നിലും ജ്യോതികുമാറാണ്. 1995ൽ എഴുതിയ കവിതയാണ് വർഷങ്ങൾക്കിപ്പുറം ഹിറ്റായത്.