തിരുരങ്ങാടി: കൊവിഡ് കാലത്ത് ചൈനയിൽ നിന്ന് ഇലക്ട്രിക് ഉപകരണങ്ങളുടെ ഇറക്കുമതി നിലച്ചതോടെ പുതിയ തലമുറയ്ക്ക് പഴയതിനെ പരിചയപ്പെടുത്തുകയാണ് കണ്ണമംഗലം സ്വദേശിയും മാദ്ധ്യമപ്രവർത്തകനുമായ നൗഷാദ്. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സ്റ്റാമ്പുകളും നാണയങ്ങളും ഫോട്ടോകളും തേടിപ്പിടിച്ചാണ് ശേഖരണത്തിന് തുടക്കം കുറിച്ചത്. ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 700ൽപരം വ്യത്യസ്ത ക്യാമറകളും, 1922 മുതലുള്ള പത്രങ്ങളും നൂറിലധികം റേഡിയോകളും 650ഓളം മൊബൈൽ ഫോണുകളും പതിനായിരത്തോളം മാഗസിനുകളുമെല്ലാം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
പത്ര ശേഖരത്തിൽ മഹാത്മ ഗാന്ധി ഇറക്കിയ യംഗ് ഇന്ത്യ, ഹരിജൻ, ഹരിജൻ സേവക് എന്നിവയുൾപ്പടെയുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നിറങ്ങുന്ന വ്യത്യസ്ത ഭാഷകളിലുള്ള പത്രങ്ങളും ഈ 37കാരൻ സ്വന്തമാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ, നൂറിലധികം രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, നാണയങ്ങൾ, കറൻസികൾ തുടങ്ങിയവയും അമൂല്യ ശേഖരത്തിലുണ്ട്.
വീട്ടിലെ പല റൂമുകളിലായി അടുക്കിവെച്ച ശേഖരണവസ്തുക്കൾ കൊവിഡ് കാലമായതിനാൽ വേർതിരിച്ചു വെക്കാൻ സമയം കിട്ടിയതായി നൗഷാദ് പറയുന്നു. 'ന്യൂസിയം' എന്ന പേരിൽ കേരളത്തിലെ വിവിധ കോളേജുകളിലും സ്കൂളുകളിലും പ്രദർശനം നടത്തിയിട്ടുണ്ട്.
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, വേങ്ങര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ജേണലിസം ഗസ്റ്റ് അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.പഴയകാല വസ്തുക്കൾ ശേഖരിക്കുന്നവരുടെ ജില്ലയിലെ കൂട്ടായ്മയായ മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: മാജിദ. മക്കൾ: ഹെൻസിൽ ഷാദ്, റെൻസിൽ ഷാദ്.