നിലമ്പൂർ: കൊവിഡുമായി ബന്ധപ്പെട്ട് നാടുകാണി ചുരത്തിൽ സർക്കാർ ഏർപ്പെടുത്തിയ യാത്രാ വിലക്ക് പിൻവലിച്ചതോടെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ വഴിക്കടവ് ആനമറിയിൽ പ്രത്യേക സംവിധാനം ഒരുക്കി. ഞായറാഴ്ച രാവിലെ നിലമ്പൂർ തഹസിൽദാർ സുബാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘമാണ് കമ്പ്യൂട്ടർ ഉൾപ്പടെയുള്ള സൗകര്യത്തോടെയുള്ള കൗണ്ടർ സ്ഥാപിച്ചത്. ചുരം വഴിയുള്ള യാത്രകാർ സർക്കാരിന്റെ ജാഗ്രത പോർട്ടറിൽ രജിസ്റ്റർ ചെയ്തവരാണോയെന്ന് കൗണ്ടറിൽ പരിശോധന നടത്തും. രജിസ്റ്റർ ചെയ്യാൻ കഴിയാതെ പെട്ടന്ന് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് പോർട്ടറിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിൽ തിങ്കളാഴ്ച മുതൽ സാങ്കേതിക തികവുള്ള അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ആറ് മാസമായി യാത്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അന്തർസംസ്ഥാന പാതയിൽ ശനിയാഴ്ച രാത്രിയോടെയാണ് ജില്ല ഭരണകൂടം യാത്രാനുമതി നൽകിയത്.
വിൽപ്പന നികുതി ചെക്ക്പോസ്റ്റ് പ്രവർത്തിച്ചിരുന്ന ആനമറിയിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടർ സ്ഥാപിച്ചത്. കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. രണ്ട് സംസ്ഥാനവുമായി കൂടിയാലോചിച്ച് പ്രവർത്തിക്കുന്ന ഏകീകരിച്ച സംവിധാനമാണ് പ്രത്യേക കൗണ്ടറിൽ നടപ്പാക്കുക.