ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന പ്രമാണത്തിൽമുറുകെ പിടിക്കുന്നയാളാണ് മമ്മൂട്ടി. ജീവകാരുണ്യപ്രവർത്തനങ്ങൾ കലവറയില്ലാതെ ചെയ്യുമ്പോഴും അത് പബ്ളിസിറ്റിക്ക് വേണ്ടിയാകരുതെന്ന് നിർബന്ധബുദ്ധിയുണ്ട് അദ്ദേഹത്തിന്
മഹാനടനും മെഗാതാരവുമായിരിക്കുമ്പോഴും മമ്മൂട്ടി ഒരു സാധാരണ മനുഷ്യനാണ്. അന്യന്റെ വേദനകളിൽ ആർദ്രമാകുന്ന മനസുള്ള ഒരു സാധാരണക്കാരൻ. ആർദ്രതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മമ്മൂട്ടി സൂര്യനെപ്പോലെ ജ്വലിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന പ്രമാണത്തിൽ മുറുകെ പിടിക്കുന്നയാളാണ് മമ്മൂട്ടി.ജീവകാരുണ്യപ്രവർത്തനങ്ങൾ കലവറയില്ലാതെ ചെയ്യുമ്പോഴും അത് പബ്ളിസിറ്റിക്ക് വേണ്ടിയാകരുതെന്ന് നിർബന്ധബുദ്ധിയുണ്ട് അദ്ദേഹത്തിന്.
നന്മയുടെ പ്രകാശം പരക്കുന്ന നൂറായിരം പദ്ധതികൾ മമ്മൂട്ടി ചെയ്യുന്നുണ്ട്. ''വെറുതേ ഫാൻസെന്ന് പറഞ്ഞ് തിയേറ്ററിൽ ഫ്ളക്സും കട്ടൗട്ടും വച്ചിട്ടും കൈയടിച്ചിട്ടും ബഹളം വച്ചിട്ടുമൊന്നും കാര്യമില്ല. ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യണം.""തന്നെ കാണാനെത്തുന്ന ഫാൻസ് അസോസിയേഷൻ പ്രവർത്തകരോട് പണ്ടുതൊട്ടേ മമ്മൂട്ടി പറയാറുണ്ടായിരുന്നു.അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ നേത്ര ക്യാമ്പുകളെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളും നടക്കുന്ന സമയം.മമ്മൂട്ടി ചിത്രമായ കാഴ്ച റിലീസായ സമയത്താണ് മമ്മൂട്ടിയുടെ ആരാധകർ തലസ്ഥാനത്ത് ഒരു നേത്രക്യാമ്പ് നടത്തിയത്. കാഴ്ച പദ്ധതിയെക്കുറിച്ച് ആരാധകർ പറഞ്ഞപ്പോൾ മമ്മൂട്ടിക്കും ആവേശമായി. കാഴ്ച എന്നത് സൗജന്യ നേത്രചികിത്സാപദ്ധതിയായിരുന്നു. ഒരുലക്ഷം പേരെ സൗജന്യമായി പരിശോധിക്കുകയും ആയിരം പേർക്ക് ഒരുവർഷത്തിനുള്ളിൽ നേത്ര ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്ന പദ്ധതിയായിട്ടാണ് കാഴ്ച ആദ്യം പ്ളാൻ ചെയ്തത്. മൂന്നുമാസം കൊണ്ട് ലക്ഷ്യത്തിലെത്തിയ അത് വൻവിജയമായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി ചേർന്ന് നടത്തിയ യജ്ഞം ഉദ്ഘാടനം പോലും ചെയ്യും മുൻപേ സൂപ്പർഹിറ്റായി.
തന്നെ തേടിയെത്തുന്ന സഹായാഭ്യർത്ഥനകൾ നെല്ലും പതിരും വേർതിരിച്ചെടുത്ത് ആവുംവിധം സഹായമെത്തിച്ചിരുന്ന മമ്മൂട്ടി ഇത്തരം സഹായങ്ങൾക്ക് ഒരു ഏകീകൃത സ്വഭാവം നൽകാനായാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് തുടക്കമിട്ടത്.
സമാനചിന്താഗതിക്കാരായ ജീവകാരുണ്യപ്രവർത്തനങ്ങളിൽ തത്പരരായ ഒരു പിടിയാളുകൾ മമ്മൂട്ടിക്കൊപ്പം ചേർന്നു. സതേൺ ഫ്രൈഡ് ചിക്കൻ (എസ്.എഫ്.സി) ഗ്രൂപ്പ് ചെയർമാൻ കെ. മുരളീധരൻ ചെയർമാനായാണ് കെയർ ആൻഡ് ഷെയർ തുടങ്ങിയത്.റോയി മുത്തൂറ്റ് ,കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാൻ ബിജു ജേക്കബ് മസ്കറ്റിലെ വൻകിട ബിൽഡറായ ഗീവർഗീസ് യോഹന്നാൻ (എം.ജി. എം സ്കൂളുകളുടെ ഉടമ) എന്നിവർ പങ്കാളികളായി. പുരോഹിതനായ ഫാദർ തോമസ് കുര്യനച്ചനെ കെയർ ആൻഡ് ഷെയറിന്റെ നടത്തിപ്പ് ഏല്പിച്ചു.
കോട്ടയം മെഡിക്കൽ കോളേജിനടുത്ത് കാരുണ്യനിലയമെന്ന സ്ഥാപനം നടത്തിയിരുന്ന തോമസ് കുര്യനച്ചന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി മമ്മൂട്ടി അദ്ദേഹത്തെ കൂടെകൂട്ടുകയായിരുന്നു. ഒപ്പം മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റായ ജോർജ് സെബാസ്റ്റ്യനെയും പി.ആർ.ഒ റോബർട്ട് കുര്യാക്കോസിനെയും ഉൾപ്പെടുത്തി ഒരു ബോർഡുണ്ടാക്കി.
ഒരുപാട് കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സഹായാഭ്യർത്ഥനകൾ മമ്മൂട്ടിയെ തേടിയെത്തിയിരുന്ന നാളുകളായിരുന്നു അത്. നിരാലംബരായ കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി ഹൃദയപൂർവം എന്ന പദ്ധതിക്ക് മമ്മൂട്ടി തുടക്കമിട്ടത് അങ്ങനെയാണ്. അഞ്ഞൂറിലധികം ദരിദ്രരായ കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയ ഇതിനകം ഈ പദ്ധതിയിലൂടെ വിജയകരമായി നടത്തിക്കഴിഞ്ഞു.
കെയർ ആൻഡ് ഷെയറിന്റെ കീഴിൽ പൂർവികം എന്ന പദ്ധതിയാണ് പിന്നീട് ആരംഭിച്ചത്. കേരളത്തിലെ ആദിവാസി ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതിയായിരുന്നു അത്. ആദിവാസികൾക്കിടയിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുക, അവർക്ക് എന്ത് അസുഖമുണ്ടെങ്കിലും കിട്ടാവുന്ന ഏറ്റവും നല്ല ആശുപത്രിയിൽ ചികിത്സ ഏർപ്പാടാക്കുക, ആദിവാസി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, ആദിവാസി സ്ത്രീകൾക്ക് തയ്യൽ പരിശീലനവും കമ്പ്യൂട്ടർ പരിശീലനവുമുൾപ്പെടെയുള്ള തൊഴിലധിഷ്ഠിത വിദ്യാ ഭ്യാസം നൽകുകയെന്നതൊക്കെയായിരുന്നു പൂർവികം എന്ന പദ്ധതിയിലുൾപ്പെടുത്തിയിരുന്നത്.
അട്ടപ്പാടി അഗളിയിലും കുന്തലക്കുടിയിലും എടമലക്കുടിയിലും നാല് ആദിവാസി സ്കൂളുകളും പൂർവികം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടത്തുന്നുണ്ട്. പഠനോപകരണങ്ങളും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകളും ഭക്ഷണവുമൊക്കെ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ അനാഥാലയങ്ങളും പ്ളസ് ടു വരെയേ കുട്ടികളെ പഠിപ്പിക്കാറുള്ളു. പ്ളസ് ടു കഴിഞ്ഞ അനാഥക്കുട്ടികൾക്ക് സ്പോൺസർമാരുണ്ടെങ്കിലേ തുടർ പഠനം സാദ്ധ്യമാകൂ. മിടുക്കരായ പല കുട്ടികളും പഠനച്ചെലവുകൾ ഏറ്റെടുക്കാനാരുമില്ലാതെ പല അനാഥാലയങ്ങളിലുമുണ്ട്. കേരളത്തിലങ്ങോള മിങ്ങോളമുള്ള നൂറ്റിഇരുപതോളം കുട്ടികളുടെ പഠനച്ചുമതല മമ്മൂട്ടി ഏറ്റെടുത്തിട്ടുണ്ട്. എൻജിനിയർമാരും നഴ്സുമാരുമൊക്കെയായി പലരും സ്വന്തം കാലിൽ നിൽക്കാൻ ഇന്ന് പ്രാപ്തി നേടിക്കഴിഞ്ഞു. വിദ്യാമൃതം എന്നാണ് മമ്മൂട്ടി ഈ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.പി.എസ്.സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ ക്യാപ്ടനായ വഴികാട്ടി എന്ന പദ്ധതിയാണ് മറ്റൊരു 'മമ്മൂട്ടി ഇനിഷിയേറ്റീവ്".
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കേരളത്തിലെ സ്കൂളുകളിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ കാമ്പെയിൻ നടത്തുന്നതാണ് ഈ പദ്ധതി. ബോധവത്കരണത്തോടൊപ്പം എന്ത് പഠിക്കണം, എന്താകണമെന്ന കരിയർ ഗൈഡൻസ്. സിനിമകളുടെ ക്ളിപ്പിംഗുകൾ ഉൾപ്പെടെയുള്ള ക്ളാസുകളാണ് ഈ കരിയർ ഗൈഡൻസിന്റെ സവിശേഷത.
തിരുവനന്തപുരത്തെ നിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി ബൈപാസ് ശസ്ത്രക്രിയ ചെയ്താണ് കെയർ ആൻഡ് ഷെയറിന്റെ മറ്റൊരു നാഴികക്കല്ല്. ഈ വർഷം കേരളം തിമിരവിമുക്തമാക്കണമെന്നതാണ് കാഴ്ച പദ്ധതിയുടെ ലക്ഷ്യം. ലോകപ്രശസ്ത നേത്രരോഗ വിദഗ്ദ്ധനായ ഡോ. ടോണി ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ബി.പി.എൽ കാർഡുള്ളവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്യുന്ന പദ്ധതിയാണ് കാഴ്ച 20 20.
പ്രകൃതിയോടുള്ള ഇഷ്ടമാണ് മൈ ട്രീ ചലഞ്ച് പദ്ധതിക്ക് മമ്മൂട്ടിയെ പ്രേരിപ്പിച്ചത്. ഐസ് ബക്കറ്റ് ചലഞ്ച് വന്നപ്പോൾ സുഹൃത്തുക്കളോട് മമ്മൂട്ടി പറഞ്ഞു: ''ഐസ് എടുത്ത് തലയിൽ വച്ചതുകൊണ്ട് ആർക്ക് എന്തുപ്രയോജനം? ആ സമയത്ത് ഒരു തൈ നട്ടിരുന്നെങ്കിൽ അത് നാടിന് പ്രയോജനപ്പെട്ടേനെ.""മൈ ട്രീ ചലഞ്ച് എന്ന ആശയത്തിലേക്ക് കടക്കാൻ മമ്മൂട്ടിയെ പ്രേരിപ്പിച്ചത് തന്റെ തന്നെ ആ വാക്കുകളാണ്.'' ഞാനൊരു മരംവയ്ക്കും. എന്നിട്ട് ഞാനൊരാളെ അതുപോലെ തൈ നടാൻ ചലഞ്ച് ചെയ്യും. അയാൾക്ക് മറ്റൊരാളെ ചലഞ്ച് ചെയ്യാം.""മൈ ട്രീ ചലഞ്ചിലേക്ക് മമ്മൂട്ടി ആത്മാർത്ഥമായിറങ്ങി.അത് ലോകം മുഴുവൻ വ്യാപിച്ചു. കേരളത്തിൽ തുടങ്ങിയ പരിപാടിക്ക് മമ്മൂട്ടി തന്നെ ദുബായിലും തുടക്കമിട്ടു. അത് ഗൾഫിൽ തരംഗമായി.
ആസ്ട്രേലിയയിലെ ഗ്ളെനോർക്കി സിറ്റി കൗൺസിലിന്റെ അന്നത്തെ മേയർ സ്റ്റുവർട്ട് സ്ളേഡ് ഇന്റർനെറ്റിലൂടെയാണ് മൈ ട്രീ ചലഞ്ചിനെക്കുറിച്ച് അറിഞ്ഞത്. മേയർ മൈ ട്രീ ചലഞ്ച് ഏറ്റെടുത്ത് ആസ്ട്രേലിയയിലും നടപ്പാക്കി.ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സുഖ സൗകര്യങ്ങളുള്ള നഗരമായ ആസ്ട്രേലിയയിലെ ടാസ്മാനിയയുടെ തലസ്ഥാനത്ത് മനോഹരമായ ഒരു ഉദ്യാനമുണ്ട്. ആ ഉദ്യാനത്തിൽ ദേശീയ വൃക്ഷം നട്ടിട്ട് മരത്തിന് ഗാന്ധിയെന്ന് പേരുമിട്ടു.
ആ മരത്തിന്റെ സംരക്ഷണച്ചുമതല ടാസ്മാനിയ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. മമ്മൂട്ടി മരം കാണാൻ വരുന്നതും കാത്തിരിക്കുകയാണത്രേ ആ നാട്ടുകാർ. ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, സിഡ്നി , ഡബ്ളിൻ, മെൽബൺ തുടങ്ങിയ സ്ഥലങ്ങളിലെ മേയർമാരെ ടാസ്മാനിയ മേയർ ചലഞ്ച് ചെയ്തു. അങ്ങനെ മൈ ട്രീ ചലഞ്ച് അവിടെയും വ്യാപകമായി. ഇക്കഴിഞ്ഞ വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായപ്പോൾ മമ്മൂട്ടി തുടങ്ങിയ പദ്ധതിയാണ് 'ഓൺ യുവർ വാട്ടർ". പലയിടത്തും പോകുമ്പോൾ ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് മമ്മൂട്ടി ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ജലം ആവശ്യമുള്ളിടത്തെല്ലാം എത്തിക്കാനുള്ള ക്രമീകരണം 'ഓൺ യുവർ വാട്ടർ" എന്ന പേരിൽ തുടങ്ങി. പതിനായിരക്കണക്കിന് ലിറ്റർ വെള്ളം ആവശ്യക്കാരിലെത്തിക്കാൻ കഴിഞ്ഞു. കോട്ടയത്തൊക്കെ സ്ഥിരമായ ജലസംഭരണിയാണ് സ്ഥാപിച്ചിരിക്കുന്നത്. എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് ഇപ്പോൾ ഈ പദ്ധതി നിലവിലുള്ളത്.
ഒരു ജന്മദിനത്തിലാണ് തെരുവ് നായ കടിച്ചുകീറിയ ദേവാനെന്ദന്ന പിഞ്ചുകുഞ്ഞിന്റെ വേദന മമ്മൂട്ടി അറിയുന്നത്. കാഴ്ച പദ്ധതിയിൽ പെടുത്തി എല്ലാ സഹായങ്ങളും ചെയ്യാൻ അപ്പോൾത്തന്നെ മമ്മൂട്ടി ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചു. സർക്കാരും പിന്തുണച്ചു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ചികിത്സാച്ചെലവുകൾ സർക്കാർ വഹിച്ചു. തുടർചികിത്സ തുടങ്ങിയവയെല്ലാം ദേവാനന്ദിന് വേണ്ടി മമ്മൂട്ടി ഏറ്റെടുത്തു. ഇനി പത്തുവർഷം ദേവാനന്ദിന് വരുന്ന എന്ത് ട്രീറ്റ്മെന്റും ഏറ്റെടുത്ത് നടത്താനുള്ള സന്നദ്ധതയും അറിയിച്ചു.
കെയർ ആൻഡ് ഷെയറിന് വരുന്ന എല്ലാ ചെലവുകളും വഹിക്കുന്നത് അതിന്റെ ഡയറക്ടർമാരും സഹായിക്കാൻ സന്മനസുള്ള നല്ലവരായ ആളുകളുമാണ്. മമ്മൂട്ടിക്ക് ഉദ്ഘാടനങ്ങളിൽ നിന്നും അവാർഡുകളിൽ നിന്നും കിട്ടുന്ന പ്രതിഫലം മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ്ചെലവഴിക്കുന്നത്. മൂവായിരത്തോളം ഹൃദയശസ്ത്രക്രിയ അപേക്ഷകളാണ് പരിഗണന കാത്തുകിടക്കുന്നത്. മറ്റുള്ളവരുടെ സഹായം കൂടി സ്വീകരിക്കാനുള്ള കാരണമതാണ്.പുതിയ ഇനിഷിയേറ്റിവുകളും ആശയങ്ങളും ആരുപറഞ്ഞാലും അതേക്കുറിച്ച് ആഴത്തിൽ അപഗ്രഥിക്കുകയും പഠിക്കുകയും ചെയ്തിട്ടേ മമ്മൂട്ടി അതിന് മുന്നിട്ടിറങ്ങാറുള്ളു.