ടെൽ അവീവ്: രാജ്യത്തെ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായേൽ ജനത തെരുവിലിറങ്ങിയിട്ട് പതിനൊന്ന് ആഴ്ച പിന്നിട്ടു. നിങ്ങളെക്കൊണ്ട് ഞങ്ങൾ മടുത്തു എന്ന പ്ളക്കാർഡ് ഉയർത്തിയാണ് ജനങ്ങൾ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധം നടത്തുന്നത്. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും പ്രക്ഷോഭകർ രംഗത്തുണ്ട്. പ്രക്ഷോഭകരിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാജ്യത്ത് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വൻ വീഴ്ചയാണ് വരുത്തിയത്. കൊവിഡ് വന്നതോടെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി. മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് മേയിൽ ഇളവ് നൽകിയതോടെ രാജ്യത്തെ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവാണുണ്ടായത്. ഇതേ തുടർന്ന് ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും രൂക്ഷമായതാണ് ജനങ്ങളെ തെരുവിലേക്കിറക്കിയത്. പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള നടപടികളാണ് നെതന്യാഹു സർക്കാർ സ്വീകരിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.