ഫറോക്ക്: ശബ്ദാനുകരണത്തിൽ കടലുണ്ടി സ്വദേശി പ്രീജിത്ത് ദേവ് ഗിന്നസ് റെക്കോർഡിൽ. 2018 ഡിസംബർ 23ന് അങ്കമാലി അറ്റ്ലസ് കൺവൻഷൻ സെന്ററിൽ സ്വകാര്യ ടി വി നടത്തിയ 12 മണിക്കൂർ ലൈവ് പ്രോഗ്രാമിലാണ് പ്രീജിത്ത് ദേവ് നേട്ടം കൈവരിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ കൊറിയർ വഴിയാണ് ഗിന്നസ് സർട്ടിഫിക്കറ്റും മെഡലും ലഭിച്ചത്. മണ്ണൂർ അങ്ങാടി വീട്ടിൽ ദേവദാസന്റെയും ലീലയുടെയും മകനായ പ്രീജിത്ത് കുട്ടിക്കാലം തൊട്ടേ അനുകരണ കലയിൽ കഴിവ് തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് മിമിക്രി, നാടകം, മോണോആക്ട് തുടങ്ങിയവയിൽ ഒന്നാം സ്ഥാനം നേടി. 2000 മുതൽ 2012 വരെ കടലുണ്ടി പഞ്ചായത്തിനെ പ്രതിനിധീകരിച്ച് കേരളോത്സവ മിമിക്രി മത്സരത്തിൽ പങ്കെടുത്തു. 2009ൽ സംസ്ഥാനതല വിജയിയായിരുന്നു. നിരവധി അഖില കേരള മിമിക്രി മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഭാര്യ: ബബിത. മക്കൾ: നന്ദകിഷോർ, ശിവാത്മിക.