പാലത്തിന് 10 വർഷത്തെ പഴക്കം
മുന്നിറിയിപ്പ് ബോർഡ് വച്ചിട്ട് 4 വർഷം
നീലേശ്വരം: മടിക്കൈ എരിക്കുളം റോഡിൽ പുളിക്കാൽ പാലത്തിനു മുന്നിൽ അധികൃതർ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിട്ട് വർഷം 4 കഴിഞ്ഞു. പാലം അപകടത്തിൽ, ഭാരം കൂടിയ വാഹനങ്ങൾ നിരോധിച്ചിരിക്കുന്നു. ഇതാണ് പൊതുമരാമത്ത് അധികൃതരുടെ മുന്നറിയിപ്പ് ബോർഡ്.
ലോക്ക്ഡൗണും കൊവിഡും വന്നതിനാൽ കഴിഞ്ഞ അഞ്ചു മാസമായി ഈ പാലം വഴി ബസ്സുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്നില്ല. അല്ലെങ്കിൽ ഈ മഴക്കാലത്ത് പാലം തകർന്നേനെ എന്നാണ് പാലത്തിന് സമീപവാസികൾ പറയുന്നത്.
2016-17 ബഡ്ജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം പണിയാൻ പദ്ധതിയിട്ടിരുന്നു. എരിക്കുളം പുളിക്കാൽ റോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലും പാലം പൊതുമരാമത്ത് വകുപ്പിൽ പെട്ടതുമാണ്. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണ് പാലം പണി നീണ്ടുപോകാൻ കാരണമായി പറയുന്നത്.
അന്യജില്ലയിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥർ ഫയലുകൾ നോക്കാറേയില്ല. 50 വർഷം മുമ്പ് പണിത പുളിക്കാൽ പാലം പൊളിഞ്ഞാൽ മാത്രമെ പൊതുമരാമത്ത് അധികതരുടെ കണ്ണു തുറക്കുകയുള്ളു. ഐ.എച്ച് ആർ.ഡി.കോളേജ്, ഐ.ടി.ഐ, ഹയർ സെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾ പുളിക്കാൽ പാലം വഴിയാണ് കടന്നുപോകുന്നത്. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്ത ത് വിദ്യാർത്ഥികളുടെ ഭാഗ്യം എന്നേ പറയാനുള്ളു. കാലവർഷം കഴിഞ്ഞതിന് ശേഷമെങ്കിലും പാലത്തിന്റെ പണി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.