പാരീസ്: കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ലോക ചാമ്പ്യൻമാരായ ഫ്രാൻസിന്റെ സൂപ്പർ താരം കെയ്ലിയൻ എംബാപ്പെ നേഷൻസ് ലീഗിൽ നിന്ന് പിന്മാറി.കഴിഞ്ഞ ദിവസം യുവേഫ നടത്തിയ പരിശോധനയിലാണ് എംബാപ്പെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എംബാപ്പെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്വീഡനെതിരെ നടന്ന മത്സരത്തിൽ ഫ്രാൻസിന്റെ വിജയഗോൾ നേടിയത് എംബാപ്പെയായിരുന്നു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ താരമാണ് എംബാപ്പെ. നെയ്മറും ഡി മരിയയും ഉൾപ്പെടെ പി.എസ്.ജിയുടെ ആറ് താരങ്ങൾ നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലാണ്. എംബാപ്പെയ്ക്ക് കൂടി പോസിറ്റീവായതോടെ കൊവിഡ് സ്ഥിരീകരിച്ച പി.എസ്.ജി താരങ്ങളുടെ എണ്ണം ഏഴായി.
നേരത്തേ നേഷൻസ് കപ്പിനുള്ള ഫ്രഞ്ച് ടീമിലുണ്ടായിരുന്ന പോൾ പോഗ്ബയെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടന്ന് ഒഴിവാക്കിയിരുന്നു.