ചെർപ്പുളശേരി: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച കിഴൂർ ആളികളം ദാമോദരൻ നായരുടെ (81) മൃതദേഹം സംസ്കരിക്കാൻ മറ്റുള്ളവർ മടിച്ചുനിന്നപ്പോൾ ദൗത്യം ഏറ്റെടുത്ത് മുന്നിട്ടിറങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നാരായണൻകുട്ടി. ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം നാരായണൻകുട്ടിയുടെ നേതൃത്വത്തിലാണ് ഐവർമഠത്തിൽ സംസ്കരിച്ചത്.
ഡി.വൈ.എഫ്.ഐ മേഖലാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണൻ, സി.പി.എം കിഴൂർ ബ്രാഞ്ച് കമ്മിറ്റി അംഗം പ്രകാശൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരും സംസ്കാര ചടങ്ങിൽ സഹായത്തിനെത്തി.
മരിച്ചയാളുടെ മക്കളും ബന്ധുക്കളും നിരീക്ഷണത്തിലായതോടെയും, സംസ്കാരം നടത്താൻ മറ്റാരും മുന്നോട്ടു വരാത്ത സാഹചര്യത്തിലുമാണ് പ്രസിഡന്റ് സ്വയംസന്നദ്ധനായി ദൗത്യം ഏറ്റെടുത്തത്.
ജില്ലാ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ മാങ്ങോട് മെഡിക്കൽ കോളേജിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പഞ്ചായത്തിലെ വാർഡുകളിലും മാതൃകാ പരമായമായ പ്രവർത്തനമാണ് പ്രസിഡന്റ് കെ.കെ.നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തുന്നത്.