കിളിമാനൂർ: വീട്ടിൽ ചോരയിൽ കുളിച്ചു കിടന്ന അമ്മയെയും കുഞ്ഞിനെയും ശുശ്രൂഷിച്ച് ആശുപത്രിയിൽ എത്തിച്ച പഴയ കുന്നുമ്മൽ പഞ്ചായത്തിലെ സാന്ത്വന ചികിത്സാ വിഭാഗം നഴ്സായ അടയമൺ അംബികാ വിലാസത്തിൽ സന്ധ്യാ ഘോഷും അടയമൺ എസ്.ജെ ഭവനിൽ ജയ്നയും നാട്ടിലെ താരങ്ങളായി.
അടയമൺ പയ്യനാട് ക്ഷേത്രത്തിന് സമീപം ചരുവിള വീട്ടിൽ രേവതിയാണ് (22) വീട്ടിൽ പ്രസവിച്ചത്.ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഗർഭകാല ചികിത്സ നടത്തിയ ഇവർ വെള്ളിയാഴ്ചയും ആശുപത്രിയിൽ പോയിരുന്നു. അടുത്ത മാസമാണ് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച പുലർച്ചയോടെ പ്രസവം നടക്കുകയായിരുന്നു. പ്രസവ ലക്ഷണം കണ്ട് ഭർത്താവ് ആശാ പ്രവർത്തകയായ ജയ്നയെ വിവരമറിയിച്ചു. ജയ്ന എത്തി ഡോക്ടർമാരെ ബന്ധപ്പെട്ടങ്കിലും ലഭ്യമായില്ല.108 ആംബുലൻസ് ഉൾപ്പെടെയുള്ളവയും ലഭ്യമായില്ല.ഉടൻ സന്ധ്യാ ഘോഷിനെ വിവരം അറിയിച്ചു.ഇവർ എത്തുമ്പോൾ പ്രസവം കഴിഞ്ഞിരുന്നു.മുൻപരിചയമോ,സുരക്ഷാ ഉപകരണങ്ങളോ,മതിയായ വെളിച്ചമോ പോലും ഇല്ലാതിരുന്നിട്ടും കൊവിഡ് ഭീഷണിയുൾപ്പെടെ മാറ്റിവച്ച് കടയിൽ നിന്ന് വാങ്ങിയ ബ്ലേഡുകൊണ്ട് പൊക്കിൾ കൊടി മുറിച്ചു. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.നഴ്സിങ് ഡിപ്ലോമ കോഴ്സ് പഠിച്ചിട്ടുള്ള സന്ധ്യഘോഷ്,എട്ടുവർഷമായി സാന്ത്വന ചികിത്സാ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പത്തു വർഷമായി ആശാ പ്രവർത്തകയാണ് ജയ്ന.