കൊല്ലം: വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം കൊട്ടിയം സ്വദേശിനി റംസിയുടെ വീട് കേരള സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോം സന്ദർശിച്ചു. പത്ത് വർഷമായി പ്രണയത്തിലായിരുന്ന റംസിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വിവാഹത്തിൽ നിന്ന് ഹാരീസ് മുഹമ്മദ് പിൻമാറിയതിനെ തുടർന്നാണ് റംസി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
മാദ്ധ്യമങ്ങളിലൂടെ റംസിയുടെ ആത്മഹത്യ വാർത്ത അറിഞ്ഞതിനെ തുടർന്ന് യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുമെന്ന് കമ്മിഷൻ ഉറപ്പുനൽകി. ആത്മഹത്യാ പ്രേരണാകുറ്റം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ അടക്കം ഗുരുതര ആരോപണങ്ങളാണ് പ്രതിക്കും കുടുംബത്തിനുമെതിരെ ഉയർന്നിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതിയുടെ കുടുംബത്തെ റംസിയുടെ മരണം മാനസികമായി തളർത്തിയ സന്ദർഭത്തിലാണ് കമ്മിഷന്റെ സന്ദർശനം.