ആലപ്പുഴ:സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ ഉപതിരഞ്ഞെടുപ്പിനെതിരായ വികാരം പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ സമ്മതിദാന അവകാശ വിനിയോഗത്തിന് അവസരം കിട്ടുമോ എന്ന ആശയക്കുഴപ്പം ഉണ്ടെങ്കിലും കുട്ടനാട്ടിലെ ചിത്രം ഏറെക്കുറെ തെളിയുകയാണ്. അറിയാനുള്ളത് എൻ.ഡി.എയുടെ മനസാണ്. തത്കാലം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലാണ് അവരുടെ ശ്രദ്ധ.ബി.ഡി.ജെ.എസിന് അർഹതപ്പെട്ടതാണ് കുട്ടനാട് സീറ്റ്. മേഖലാ തല യോഗങ്ങൾക്ക് ശേഷമെ അവരുടെ തീരുമാനം വരൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിനോട് ബി.ഡി.ജെ.എസ് സാരഥി തുഷാർ വെള്ളാപ്പള്ളിക്കും അനുകൂല നിലപാടില്ലെന്നാണ് അറിയുന്നത്.
മുൻ മന്ത്രി അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ്.കെ.തോമസാണ് ഇടതുപക്ഷ സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ജേക്കബ് എബ്രഹാമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസിലെ പടലപ്പിണക്കത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്നും അങ്ങനെ വന്നാൽ തങ്ങൾ സ്ഥാനാർത്ഥികളാവുമെന്നും വെറുതെ മോഹിച്ച കുറെപ്പേരുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർക്കുണ്ടാവുന്ന മനോവേദനയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമതീരുമാനത്തിൽ ഒഴിവായേക്കും.
മണ്ഡലചരിത്രം
രണ്ട് മുന്നണികളിലുമായി മത്സരിച്ചപ്പോഴും കുട്ടനാട് സീറ്റ് 1977 മുതൽ 2001 വരെ കേരള കോൺഗ്രസിന്റെ കുത്തകയായിരുന്നു. 77-ൽ കേരള കോൺഗ്രസിലെ ഈപ്പൻ കണ്ടകുടി സി.പി.എമ്മിലെ കെ.പി.ജോസഫിനെ തോൽപ്പിച്ചു. 1980ൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥി ഉമ്മൻമാത്യു ജയിച്ചപ്പോഴും എതിരാളി കെ.പി.ജോസഫായിരുന്നു. 82-ൽ ജോസഫ് വിഭാഗക്കാരനായ ഡോ.കെ.സി.ജോസഫ്, സി.പി.എമ്മിലെ ജി.സുധാകരനെ തോൽപ്പിച്ചു. 87,1991,96,2001 തിരഞ്ഞെടുപ്പുകളിൽ കെ.സി വിജയം ആവർത്തിച്ചു. 2006-ൽ ഡി.ഐ.സി പ്രതിനിധിയായി എത്തിയ തോമസ്ചാണ്ടിയാണ് കെ.സിക്ക് കടിഞ്ഞാണിട്ടത്. 5381 വോട്ടുകൾക്കാണ് ചാണ്ടി അന്ന് വിജയിച്ചത്. 2011-ൽ എൻ.സി.പി പ്രതിനിധിയായി ചാണ്ടി വീണ്ടും കെ.സിക്കെതിരെ വിജയം കണ്ടു. 2016-ൽ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമിനെയാണ് ചാണ്ടി തോൽപ്പിച്ചത്.
കുട്ടനാട് മണ്ഡലം
ജില്ലയിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ (13) ഉൾപ്പെട്ട മണ്ഡലം. ഗ്രാമപഞ്ചായത്തുകൾ:ചമ്പക്കുളം, എടത്വ, കൈനകരി,കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി,തകഴി,തലവടി,വെളിയനാട്,വീയപുരം.