ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 84-ാം ജന്മദിനം. ജന്മനാളിൽ വീട്ടിൽ മൂന്നു ദിവസം നീണ്ടുനിന്ന പൂജകളുണ്ടായിരുന്നു. ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിലാണ് ജനനം.
എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണ് വെള്ളാപ്പള്ളി. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി. 84-ാം വയസിലേക്ക് പ്രവേശിക്കുകയാണ് വെള്ളാപ്പള്ളി. 1937 സെപ്തംബർ 10നാണ് വെള്ളാപ്പള്ളി കേശവൻ-ദേവകി ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ മൂത്തയാളായി വെള്ളാപ്പള്ളി നടേശന്റെ ജനനം. ഇവരെ കൂടാതെ ഈ ദമ്പതികൾക്ക് പിറന്നത് 10 മക്കൾ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ കാൽ നൂറ്റാണ്ട് തികയ്ക്കുന്ന വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് എസ്.എൻ ട്രസ്റ്റിലും എതിരില്ലെന്ന് വ്യക്തമായി. വിവിധ കേന്ദ്രങ്ങളിൽ നിന്നായി നൽകിയ 117ൽ അധികം കേസുകൾ ഒന്നിച്ചു പരിഗണിച്ച് ഹൈക്കോടതി തള്ളിയത് പിറന്നാൾ ദിനത്തിലാണ്.