തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണത്തിൽ ജില്ലയിൽ വീണ്ടും കുതിപ്പ്. ഇന്നലെ 531 പേർക്ക് രോഗം സ്ഥിരീകരിച്ചു. 21കാരൻ ഉൾപ്പെടെ ആറ് കൊവിഡ് മരണവും സ്ഥിരീകരിച്ചു. ബാലരാമപുരം സ്വദേശി (21), വിഴിഞ്ഞം സ്വദേശി (65), മണക്കാട് സ്വദേശി (68), മലയിൻകീഴ് സ്വദേശി (76), വള്ളക്കടവ് സ്വദേശി (70), വലിയതുറ സ്വദേശി (76) എന്നിവരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇന്നലെ രോഗം കണ്ടെത്തിയവരിൽ 448 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം തിരിച്ചറിയാനാകാത്ത 54 പേരാണുള്ളത്. രോഗം സ്ഥിരീകരിച്ചതിൽ 21 പേർ വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരും രണ്ടുപേർ അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്. മണക്കാട് പ്രദേശത്താണ് ഇന്നലെയും ഏറ്റവുമധികം രോഗികളുള്ളത്. 19 പേർക്കാണ് ഇവിടെ രോഗബാധയുണ്ടായത്. വലിയതുറയിൽ 15 പേർക്ക് രോഗം കണ്ടെത്തി.വിതുരയിൽ 11 പേർക്കും കാരക്കോണം, ഊക്കോട് എന്നിവിടങ്ങളിൽ 10 പേർക്കുവീതവും രോഗം സ്ഥിരീകരിച്ചു. പത്ത് വയസിനു താഴെയുള്ള 42 കുട്ടികളാണ് രോഗം ബാധിച്ചവരുടെ പട്ടികയിലുള്ളത്. അറുപത് വയസിന് മുകളിൽ പ്രായമുള്ള 79 പേർക്കും രോഗം ബാധിച്ചു. 26 ആരോഗ്യപ്രവർത്തകർക്കും രോഗബാധ കണ്ടെത്തി. 613 പേർ രോഗമുക്തി നേടി.
നിരീക്ഷണത്തിലുള്ളവർ-23,403
വീടുകളിൽ -19,351
ആശുപത്രികളിൽ -3,495
കെയർ സെന്ററുകളിൽ -557
പുതുതായി നിരീക്ഷണത്തിലായവർ-1,200
108 അന്തേവാസികൾക്ക് കൊവിഡ്
വെമ്പായത്തെ ശാന്തിമന്ദിരത്തിൽ 108 അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.140 പേരിൽ നടത്തിയ അന്റിജൻ ടെസ്റ്റിലാണ് 108 പേർക്ക് വൈറസ്ബാധ കണ്ടെത്തിയത്.മൂന്ന് ദിവസം മുൻപ് ഇവിടുത്തെ ഒരു അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതിന് പിന്നാലെ മറ്റ് ചിലർക്ക് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നാലുപേരെ നെടുമങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ അഗതിമന്ദിരത്തിലെ മുഴുവൻ പേർക്കും ആരോഗ്യവകുപ്പ് പരിശോധന നടത്തിയപ്പോൾ 108 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.