കൊവിഡ് ലോക്ക് ഡൗൺ രാജ്യത്ത് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച മേഖലകളിലൊന്ന് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടതാണ്. അടച്ചിരുപ്പ് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയതോടെ വിനോദ സഞ്ചാരം മാത്രമല്ല അത്യാവശ്യ യാത്രകൾ പോലും അസാദ്ധ്യമായി. തുടർച്ചയായ ഈ അടച്ചിരുപ്പ് മനുഷ്യരെ എത്രമാത്രം കർമ്മവിഹീനരും അസന്തുഷ്ടരുമാക്കിയിട്ടുണ്ടെന്നറിയാൻ ചുറ്റിലുമൊന്നു കണ്ണോടിച്ചാൽ മതി. ലോക്ക് ഡൗൺ കാലത്ത് അക്രമങ്ങൾ പെരുകാൻ പ്രധാന കാരണം അടച്ചുപൂട്ടൽ സൃഷ്ടിച്ച മാനസിക സംഘർഷം താങ്ങാനാകാത്തവിധം വർദ്ധിച്ചതാണെന്ന് മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത് വെറുതെയല്ല. ഇവിടെ മാത്രമല്ല ലോകത്തെവിടെയും സ്ഥിതിയിതാണ്. ഡൊണാൾഡ് ട്രംപിനെപ്പോലുള്ള അപൂർവം ഭരണാധികാരികളുടെ നാടുകളിലേ വേറിട്ടൊരു സ്ഥിതി കാണാനാവൂ. അതിനു വിലകൊടുക്കേണ്ടിവന്നവരിൽ അധികവും വെറും സാധാരണക്കാരുമാണ്.
കൊവിഡ് മഹാമാരി ഇന്ത്യൻ വിനോദ മേഖലയ്ക്ക് ഈ വർഷം അഞ്ചുലക്ഷം കോടി രൂപയുടെയെങ്കിലും നഷ്ടം വരുത്തുമെന്നാണ് പഠന റിപ്പോർട്ട്. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്ന കോടിക്കണക്കിനു പേരാണ് വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്നത്. ഉല്ലാസകേന്ദ്രങ്ങളും ഹോട്ടലുകളും ട്രാവൽ കമ്പനികളുമൊക്കെ പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർബന്ധിതമായതോടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത തകർച്ചയാണ് വിനോദ സഞ്ചാര മേഖലയെ ബാധിച്ചത്. മഹാമാരിക്കൊപ്പം ഇനിയും ജീവിച്ചേ മതിയാകൂ എന്നു ബോദ്ധ്യമായതോടെ എല്ലാ മേഖലകളും ഒന്നൊന്നായി തുറന്നുകൊണ്ടിരിക്കുകയാണ്. വിനോദ സഞ്ചാര മേഖല മാത്രമാണ് ഇനിയും തുറക്കാത്തത്. ഒക്ടോബറിൽ ഈ മേഖലയും നിയന്ത്രണങ്ങളോടെ തുറക്കാനുള്ള ഒരുക്കം നടക്കുകയാണിപ്പോൾ. വിനോദ സഞ്ചാര മേഖലയെ പ്രതിനിധീകരിക്കുന്ന സംഘടനാ മേധാവികൾ കഴിഞ്ഞ ദിവസം കേന്ദ്ര വിനോദസഞ്ചാര വകുപ്പുമന്ത്രി പ്രഹ്ലാദ് പട്ടേലിനെ സന്ദർശിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നിയന്ത്രണങ്ങളോടെ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാത്രക്കാർക്കായി തുറക്കാൻ ധാരണയായിരിക്കുന്നത്. പ്രധാനമായും ആഭ്യന്തര ടൂറിസത്തിൽ ഊന്നിയായിരിക്കും പ്രവർത്തനങ്ങൾ. കൊവിഡ് നിയന്ത്രണങ്ങളും നിബന്ധനകളും കർക്കശമായി പാലിക്കാമെന്ന് ടൂർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, യാത്രാ വാഹനങ്ങൾ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നവരും സമാനമായ ഉറപ്പുകൾ നൽകിയിട്ടുണ്ട്. ടൂറിസം സീസൺ തുടങ്ങുന്ന ഒക്ടോബറിൽത്തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇപ്പോഴത്തെ ആലസ്യത്തിൽ നിന്ന് ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘമായ യാത്രകൾക്കു പകരം ഹ്രസ്വയാത്രകൾക്കു മുൻഗണന നൽകിയാകും ടൂർ കമ്പനികൾ പ്രവർത്തനം പുനരാരംഭിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതാകും ഏറെ അഭിലഷണീയം. കൂടുതൽ സുരക്ഷിതവുമാണിത്. വീടുകളിലിരുന്ന് മടുത്തവർക്ക് വലിയ ആശ്വാസമാകും വിനോദയാത്രയ്ക്കു വീണ്ടും അവസരം തുറന്നിടുന്നത്. മഹാമാരിയുടെ കാലത്തു മാത്രമല്ല സാധാരണ സമയത്തും വല്ലപ്പോഴുമുള്ള ഒരു യാത്ര പ്രദാനം ചെയ്യുന്ന മാനസികോല്ലാസം വളരെ വലുതാണ്. നിത്യജീവിതത്തെ മാത്രമല്ല കർമ്മമണ്ഡലങ്ങളെയും പ്രചോദിപ്പിക്കാൻ യാത്രകൊണ്ടു സാധിക്കും.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒൻപതു ശതമാനത്തിലധികം വിനോദ സഞ്ചാര മേഖലയുടെ സംഭാവനയാണ്. ആറുമാസത്തിലധികമായി തുടരുന്ന പൂർണ സ്തംഭനം വരുത്തിവച്ച നഷ്ടം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ മേഖലയിലുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പത്തുകോടിയിൽപ്പരം ആളുകളെയാണ് കൊവിഡ് പ്രതികൂലമായി ബാധിച്ചത്. മറ്റൊരു വ്യവസായത്തിനും ഇതുപോലൊരു ദുർഗ്ഗതി നേരിടേണ്ടിവന്നില്ല.
ടൂറിസം പ്രധാന വരുമാന മാർഗമായ കേരളവും അടുത്ത മാസത്തോടെ വിനോദ സഞ്ചാര മേഖല തുറക്കാനുള്ള ഒരുക്കത്തിലാണ്. 455 കോടി രൂപയുടെ സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഈ മേഖലയെ ഇപ്പോഴത്തെ തകർച്ചയിൽ നിന്ന് കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ടൂറിസം മേഖലയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ലക്ഷക്കണക്കിനു പേർ കാത്തിരിപ്പുണ്ട്. ഈ മേഖലയെ ഉപജീവിച്ചു കഴിയുന്നവർ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളും സ്ഥിതി പഴയ നിലയിലാകാൻ കാത്തിരിക്കുന്നവരാണ്.
വിദേശ സഞ്ചാരികളുടെ യാത്ര സുഗമമാകാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ ആഭ്യന്തര ടൂറിസ്റ്റുകളിലാവും സംസ്ഥാനത്തിന്റെ പ്രതീക്ഷ. സാധാരണ ഗതിയിൽ മുപ്പത്തയ്യായിരമോ നാല്പതിനായിരമോ കോടി രൂപയാണ് വിനോദ സഞ്ചാര മേഖലയിൽ നിന്നു സംസ്ഥാനത്തിനു ലഭിച്ചിരുന്നത്. കൊവിഡ് കാരണം ഇക്കുറി അതിന്റെ നാലിലൊന്നു പോലും ലഭിക്കുമെന്നു തോന്നുന്നില്ല. ഇപ്പോഴും തീവ്ര നിലയിൽ തുടരുന്ന മഹാമാരി വിനോദ സഞ്ചാരികളെ നിരുത്സാഹപ്പെടുത്തുന്ന ഘടകമാണ്. വിശ്വസനീയമായ സുരക്ഷ ഒരുക്കിയും പരസ്യങ്ങൾ ചെയ്തും അന്യസംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികളെ ആകർഷിക്കാനാകും. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴേ തുടങ്ങണം. നിയന്ത്രണങ്ങളിൽ നിന്ന് ഭൂരിഭാഗം മേഖലകളും മോചിതമായ നിലയ്ക്ക് വിനോദ സഞ്ചാരികളെ വരവേൽക്കാനാകും. എല്ലാ തലങ്ങളിലും ആവശ്യമായ സുരക്ഷയും മുൻകരുതലുകളും സ്വീകരിക്കണമെന്നു മാത്രം. വിനോദ സഞ്ചാര വകുപ്പിന് അതിനുള്ള ക്രമീകരണങ്ങളെടുക്കാൻ ഒരു വിഷമവുമില്ല. പതിനഞ്ചുലക്ഷം പേർ നേരിട്ടും അതിന്റെ ഇരട്ടിയോളം പേർ അല്ലാതെയും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്.
കൊവിഡ് അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഈ മേഖല വീണ്ടും സജീവമാകാൻ പോകുന്നുവെന്ന അറിയിപ്പ് അവർക്കു മാത്രമല്ല, സംസ്ഥാനത്തിനാകെ സന്തോഷം പകരുന്ന കാര്യമാണ്. നാടും നഗരവും ഉണർവിന്റെ പാതയിലേക്കു മടങ്ങിവരുന്നതിലെ അത്യാഹ്ളാദം ഒട്ടും കുറച്ചു കാണേണ്ടതില്ല