കോട്ടയം: ജില്ലയിൽ സാമൂഹ്യ വ്യാപനമായതോടെ പ്രതിദിനം മൂവായിരം പേരിലേയ്ക്ക് പരിശോധന വ്യാപിപ്പിക്കും. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണിത്.
പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് രോഗബാധിതരുടെ എണ്ണവും കൂടാൻ സാദ്ധ്യതയുണ്ട്. രോഗലക്ഷണമുള്ളവർ കുറവായതിനാൽ വീട്ടിൽ തന്നെ ചികിത്സിക്കാനുള്ള സംവിധാനത്തിലേയ്ക്ക് മാറും. അതീവ ഗുരുതര സാഹചര്യമുള്ളവരെ മാത്രമേ ആശുപത്രിയിലേയ്ക്ക് മാറ്റൂ.
പരിശോധന ഇവിടെ
കഴിഞ്ഞ ദിവസം കോട്ടയം മാർക്കറ്റിൽ നടത്തിയത് പോലെ ആളുകൾ കൂടുതലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്ത് പരിശോധന വ്യാപകമാക്കും. ഇതിനായി മൊബൈൽ യൂണിറ്റും ഉപയോഗിക്കും. നിലവിൽ ജില്ലയിലെ ഭൂരിഭാഗം വൃദ്ധസദനങ്ങളിലെ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കി. ഫാക്ടറികൾ പോലെ അന്യസംസ്ഥാന തൊഴിലാളികൾ ഒന്നിച്ചു താമസിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി പരിശോധന നടത്തും. നിലവിൽ, കൂടുതലാളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുമ്പോൾ കണ്ടെത്തുന്ന രോഗികളിൽ പലർക്കും ലക്ഷണങ്ങളോ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ ഇല്ല.
ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം, മലപ്പുറം ജില്ലകൾ പോലെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന കോട്ടയത്തുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്കുകൂട്ടൽ. ഇപ്പോൾ പ്രതിദിന ശരാശരി 150 - 200 രോഗികളാണ്. ഇത് പരമാവധി 300 വരെയായി വർദ്ധിച്ചേക്കും. എന്നാൽ, നാലു ജില്ലകളുമായുള്ള സമ്പർക്കം ജില്ലയിൽ എപ്പോൾ വേണമെങ്കിലൂം അപ്രതീക്ഷിത സാഹചര്യമുണ്ടാക്കാമെന്നും വിലയിരുത്തുന്നു. അതിർത്തി ജില്ലകളിൽ ഇടുക്കി ഒഴികെയുള്ള മൂന്നു ജില്ലകളിലും പ്രതിദിന രോഗികൾ വളരെ കൂടുതലാണെന്നതാണ് കോട്ടയത്തിന്റെ വെല്ലുവിളി.
നിലവിൽ പ്രതിദിന
പരിശോധന
1800- 2200
'' മൂവായിരത്തിന് മുകളിലേയ്ക്ക് പരിശോധന വ്യാപിപ്പിക്കുക നിലവിലെ സാഹചര്യത്തിൽ സാദ്ധ്യമല്ല. ഫാക്ടറികളിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരിൽ നിന്ന് രോഗം മറ്റുള്ളവരിലേയ്ക്ക് പടരുന്നതും മറ്റും അപകടകരമാണ്''
ഡോ. ജേക്കബ് ജോർജ്, ഡി.എം.ഒ
ഇന്നലെ 221 പേർക്ക് കൂടി കൊവിഡ്
കോട്ടയം: ജില്ലയിൽ 221 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 211 പേർക്കും സമ്പർക്കത്തിലൂടെയാണ് . ആകെ 2848 പരിശോധനാ ഫലങ്ങളാണ് പുതുതായി ലഭിച്ചത്. സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത് കോട്ടയം നഗരസഭാ പിരിധിയിലാണ്. പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ പത്തു ജീവനക്കാർ ഉൾപ്പെടെ 45 പേർക്ക് രോഗം ബാധിച്ചു. രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ 17 ജീവനക്കാർ ഉൾപ്പെടെ അതിരമ്പുഴ പഞ്ചായത്തിൽ 24 പേർക്കും കൊവിഡ് ബാധിച്ചു. മീനടം14, പാമ്പാടി 12, കൂരോപ്പട 10, മണർകാട് 9, കുറിച്ചി, വാഴപ്പള്ളി 8 വീതം, നെടുംകുന്നം, ചങ്ങനാശേരി 7 വീതം, മാടപ്പള്ളി, പനച്ചിക്കാട് 5 വീതം എന്നിങ്ങനെയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങളിലെ കണക്ക്. രോഗം ഭേദമായ 92 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2056 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5795 പേർ രോഗബാധിതരായി. 3736 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19340 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.