തൃശൂർ: കൊവിഡ് കരുതലായി ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇനിയും ലഭിക്കാനുള്ളത് അരലക്ഷത്തോളം കുടുംബങ്ങൾക്ക്. തൃശൂർ സിവിൽ സപ്ലൈസ് താലൂക്കിലാണ് ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത്. 2,04,156 കിറ്റുകൾ.
താലൂക്കിൽ തന്നെ 28,644 കുടുംബങ്ങൾക്ക് കിറ്റ് നൽകാനുണ്ട്. അന്ത്യോദയ കാർഡുകളിൽ 98.98 ശതമാനം പേരും പി.എച്ച്.എച്ച് പിങ്ക് കാർഡുടമകളിൽ 98.24 ശതമാനം പേരും കിറ്റ് കൈപ്പറ്റി. 87.48 ശതമാനം വരുന്ന നീല കാർഡുടമകളും 64.88 ശതമാനം വരുന്ന വെള്ള കാർഡുടമകളും കിറ്റ് കൈപ്പറ്റി. കിറ്റുകൾ കൈപ്പറ്റാൻ സാധിക്കാത്ത കാർഡുടമകൾക്ക് ബന്ധപ്പെട്ട റേഷൻ കടകളിൽ നിന്നും വാങ്ങുന്നതിന് അവസരം നൽകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചിരുന്നു.
പേര് വിവരം നൽകണം
കിറ്റ് ലഭിക്കാത്തവർ റേഷൻ കടകളിൽ പോയി പേര് വിവരം നൽകണം. ഇത് അനുസരിച്ച് റേഷൻ ഷാപ്പ് ഉടമകൾ കിറ്റിനായി കാത്തിരിക്കുകയാണ്. ട്രിപ്പിൾ ലോക്ഡൗണിലെയും കണ്ടെയ്ൻമെന്റ് സോണിലെയും കാർഡ് ഉടമകൾ അടക്കം കിറ്റിനായി പലകുറി വന്ന് തിരിച്ചുപോകേണ്ട ഗതികേടിലാണ്.
ആകെ കാർഡുടമകൾ 8,47,285
ലഭിച്ചവർ, ലഭിക്കാത്തവർ
താലൂക്ക് അടിസ്ഥാനത്തിൽ
തലപ്പള്ളി 1,60,004 - 9,546
ചാലക്കുടി 1,19,851 - 6,651
ചാവക്കാട് 1,10,826 - 13,567
മുകുന്ദപുരം 99,456 - 7251
കൊടുങ്ങല്ലൂർ 78,055 - 9278
" കിറ്റ് ലഭിക്കാത്തവർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി തുടങ്ങി. അതാത് താലൂക്ക് സപ്ലൈ ഓഫീസർമാർ ആവശ്യമായ കിറ്റുകളുടെ കണക്ക് തയ്യാറാക്കി നൽകിയിട്ടുണ്ട്.
അയ്യപ്പദാസ്
ജില്ലാ സപ്ലൈ ഓഫീസർ