കോലഞ്ചരി: പൊതുയോഗവും പൊതുപരിപാടികളുമില്ല, പകിട്ടു കുറഞ്ഞതോടെ കല്ല്യാണക്കുറിയടിക്കാനും ആരുമെത്തുന്നില്ല. കൊവിഡിൽ ആഘോഷങ്ങൾക്കെല്ലാം ലോക്ക് വീണതോടെ പ്രിന്റിംഗ് പ്രസുകൾ കൂട്ടത്തോടെ പൂട്ടിടേണ്ട വക്കിൽ. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു ഉടമകളുടെ പ്രതീക്ഷ. എന്നാൽ പ്രചാരണ രീതിയിലുണ്ടായേക്കാവുന്ന നിയന്ത്രണങ്ങൾ നോട്ടീസുകൾക്കും, പോസ്റ്ററുകൾക്കും തടയിടുമോ എന്ന ആശങ്കയിലാണിപ്പോൾ പ്രസ് ഉടമകൾ. ജില്ലയിൽ 500 ലധികം ചെറുതും വലുതുമായ പ്രസുകളിലായി 5000ലധികം ജീവനക്കാരാണ് തൊഴിലെടുത്തിരുന്നത്. നിലവിൽ ചെറുകിട പ്രസുകളിൽ ബൈൻഡു ചെയ്യിക്കാൻ പോലും ആരും വരാതായി. സ്കൂൾ കുട്ടികളുടെ പുസ്തകങ്ങളും, കോളേജുകളിലെ പ്രോജക്റ്റ് വർക്കുകളും , ഓഫീസ് ഫയലുകളുമാണ് ബൈൻഡ് ചെയ്ത് സൂക്ഷിക്കാറുള്ളത്. അനിശ്ചിതമായി നീളുന്ന അദ്ധ്യായനം എല്ലാ പ്രതീക്ഷകൾക്കും മങ്ങലേല്പിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലാളികളും ദുരിതത്തിലാണ്.അച്ചടിശാലകളുടെ പ്രവർത്തനം മന്ദഗതിയിലായതോടെ ലക്ഷങ്ങൾ വിലയുള്ള യന്ത്റങ്ങളുടെ പ്രവർത്തന ക്ഷമത കുറഞ്ഞു. പ്രിന്റിംഗ് മെഷീനുകൾ നിരന്തരമായി ഉപയോഗിച്ചില്ലെങ്കിൽ വേഗം തകരാറിലാവും. വർക്ക് ഇല്ലെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഇവ പ്രവർത്തിപ്പിച്ചാണ് മെഷീൻ കേടാവാതെ നോക്കുന്നത്.
അടിച്ചതെല്ലാം പ്രസിൽ
ഉത്സവങ്ങൾക്കായി മാസങ്ങൾക്കു മുമ്പ് അടിച്ചു വച്ച നോട്ടീസുകൾ പ്രസുകളിൽ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. അച്ചടി പൂർത്തിയായ വേളയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായത്. വർക്ക് പൂർത്തിയായ പ്രിന്റുകളാണ് കെട്ടിക്കിടക്കുന്നത്. ചിലയിടങ്ങളിൽ ജോലി ഏല്പിച്ചവർ മുടക്കു മുതൽ നല്കിയെങ്കിൽ,പലയിടങ്ങളിലും കൈ പൊള്ളിയിരിപ്പിലാണ് ഉടമകൾ.
തമിഴ്നാട്ടിലേതുപോലെ സർക്കാർ പിന്തുണ ചെറുകിട സംരംഭങ്ങൾക്ക് നൽകിയാൽ മാത്രമാണ് ഈ വ്യവസായത്തിന് പിടിച്ചു നിൽക്കാൻ കഴിയൂ. പുറം കരാർ നല്കാതെ സർക്കാർ, അർദ്ധ സർക്കാർ മേഖലകളിലെ ജോലികൾ സംസ്ഥാനത്ത് ഏകീകരിക്കണം.
സാനു പി.ചെല്ലപ്പൻ
ഗവേണിംഗ് കൗൺസിൽ അംഗം
ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ്