ഷൊർണൂർ: ഹെഡ് പോസ്റ്റോഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സിലെത്താൻ ജീവനക്കാർക്ക് ചളിക്കുളം താണ്ടണം. സൂപ്രണ്ട് ഓഫീസിന് മുൻവശത്തും പത്തിലധികം ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്കുള്ള വഴിയുമാണ് വർഷങ്ങളായി മഴക്കാലത്ത് ചളിക്കുളമായി കിടക്കുന്നത്.
വഴിയിലുള്ള രണ്ട് സെപ്റ്റിക് ടാങ്കുകൾ പലപ്പോഴും നിറഞ്ഞ് പുറത്തേക്കൊഴുകുന്നതും മറ്റൊരു ദുരിതമാണ്. ടാങ്കിലെ ലീക്ക് അടയ്ക്കാൻ മണ്ണിട്ടതാണ് ചെളിവെള്ളം കെട്ടിനിൽക്കാനിടയാക്കിയത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുശല്യം രൂക്ഷമാണ്. ചെളിക്കുണ്ട് മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മെയിൻ ബ്രാഞ്ചിലേക്കുള്ള ആർ.എം.എസ് ഉരുപ്പടി റെയിൽവെ സ്റ്റേഷനിൽ നിന്ന് ഉന്തുവണ്ടിയിൽ കൊണ്ടുവന്ന് അകത്തുകയറ്റുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്.
ടൗൺ റോഡിലും വെള്ളക്കെട്ട്
ഷൊർണൂർ ടൗൺ റോഡിൽ ഡ്രൈനേജ് സംവിധാനമില്ലാത്തതിനാൽ കോൺവെന്റിന് മുൻവശം വെള്ളം കെട്ടി നിൽക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങൾ കാൽനടക്കാരെ ചെളിയിൽ മുക്കുന്നത് പതിവാണ്. വെള്ളക്കെട്ടിലെ ഗട്ടറിൽ ചാടി ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് അപകടമുണ്ടാവുന്നതും സ്ഥിരം കാഴ്ചയാണ്. സ്ഥിരം പരാതി ഉയർന്നിട്ടും അധികൃതർ അനങ്ങുന്നില്ല.