കൊല്ലം: വിവാഹത്തിൽ നിന്ന് വരൻ പിൻമാറിയതോടെ കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രമുഖ സീരിയൽ നടി അറസ്റ്റിന്റെ നിഴലിൽ. കേസിൽ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂർവിള ഇക്ബാൽ നഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷിന്റെ (24) സഹോദന്റെ ഭാര്യയാണ് ഈ സീരിയൽ നടി. ഹാരിഷിന്റെ അമ്മയെയും സീരിയൽ നടിയെയും കേസിൽ പ്രതി ചേർക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. ഇതിനിടെ റംസി ഗർഭിണിയായി. വ്യാജരേഖ ചമച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി ഹാരിഷ് ഗർഭഛിദ്രത്തിന് വിധേയമാക്കി. ഇതിന് ശേഷം ഹാരിഷ് വിവാഹത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെയാണ് റംസി ആത്മഹത്യ ചെയ്തത്. സീരിയൽ നടിയെയും ഹാരിഷിന്റെ അമ്മയെയും നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റുണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ഇരുവരും മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. കൊട്ടിയം, കണ്ണനല്ലൂർ സി.ഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം 23നാണ് റംസിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഹാരിഷിനെതിരെ റംസിയുടെ വീട്ടുകാർ നൽകിയ പരാതി പൊലീസ് കാര്യമായെടുത്തിരുന്നില്ല. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്.
റംസിയും സീരിയൽ നടിയും തമ്മിൽ അടുപ്പം
റംസിയും സീരിയൽ നടിയും തമ്മിൽ അടുപ്പമുണ്ടായിരുന്നു. അവർക്കൊപ്പം സീരിയൽ സെറ്റുകളിലും റംസി പോകാറുണ്ടായിരുന്നു. ഈ അവസരത്തിലാണ് റംസിയെ ഹാരിഷ് പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. റംസിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിലും സീരിയൽ നടിക്ക് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യക്ക് തൊട്ട്മുൻപ് റംസി ഹാരിസിന്റെ അമ്മയെ വിളിച്ചിരുന്നു. ഈ ഫോൺ സംഭാഷണത്തിന്റെ റെക്കാർഡിംഗും ഹാരിസും കുടുംബവും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന യുവതിയുടെ ശബ്ദ സന്ദേശവുമാണ് പൊലീസിന്റെ കൈയിലുള്ള പ്രധാന തെളിവ്. ഇതിന് പുറമേയാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്. സീരിയൽ നടിയും യുവതിയും തമ്മിലുള്ള ഫോൺവിളികളും വാട്സ്ആപ്പ് സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.