SignIn
Kerala Kaumudi Online
Wednesday, 12 May 2021 1.09 AM IST

ഞാൻ അമിത ആത്മവിശ്വാസി

oommen-chandy

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി കന്നിയങ്കത്തിനെത്തുമ്പോൾ പ്രായം 27. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ ഗ്ലാമറിൽ, അപ്രതീക്ഷിതമായിരുന്നു വരവ്. കോൺഗ്രസ് പിളർന്നു നിൽക്കുന്ന സന്ദിഗ്ദ്ധവേള. ഒരുമാതിരിപ്പെട്ട കോൺഗ്രസുകാരെല്ലാം സംഘടനാ കോൺഗ്രസിലേക്ക്. പ്രളയത്തിൽ മീനച്ചിലാർ കുത്തിയൊഴുകും പോലെ. പ്രവർത്തിക്കാൻ പോലും ആളില്ല. തെങ്ങാണ് ഉമ്മൻ ചാണ്ടിയുടെ ചിഹ്നം. ആവേശം മൂത്ത കുട്ടികൾ തെങ്ങിൻതൈ പിഴുതെടുത്ത് നാടുനീളെ കൊണ്ടുനടന്ന് ആഘോഷമാക്കി. അന്ന് കോൺഗ്രസിന്റെ സമുന്നത നേതാവ് പ്രൊഫ.കെ.എം. ചാണ്ടി യുവസ്ഥാനാർത്ഥിയെ ആശീർവദിച്ചത് ഇങ്ങനെ: "പുതുപ്പള്ളിയിൽ ജയിക്കാമെന്നു കരുതേണ്ട, രണ്ടാം സ്ഥാനത്തു വന്നാൽ ജയിച്ചതായി നമ്മൾ കണക്കാക്കും." ചാണ്ടി കാര്യമായിത്തന്നെ പറഞ്ഞതാണ്. മുമ്പ് രണ്ടു തവണ ജയിച്ചുനിന്ന സി.പി.എമ്മിലെ ഇ.എം. ജോർജാണ് വാശിയേറിയ ത്രികോണമത്സരത്തിലെ മുഖ്യ എതിരാളി. പക്ഷേ, 1970 സെപ്റ്റംബർ 17ന് ഫലം വന്നപ്പോൾ, ജയം 7288 വോട്ടിന് ഉമ്മൻ ചാണ്ടിക്ക്. അന്നു തുടങ്ങിയതാണ് പുതുപ്പള്ളിയിലെ ജൈത്രയാത്ര. പുതുപ്പള്ളി കുഞ്ഞൂഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ, 'ഈ കുഞ്ഞൂഞ്ഞിനെ ഞാനിങ്ങെടുക്കുവാ...!' അങ്ങനെ ഏറ്റെടുത്തിട്ട് അമ്പതു വർഷം. കുഞ്ഞൂഞ്ഞിന് എല്ലാം പുതുപ്പള്ളിയാണ്. തിരുവനന്തപുരത്ത് ജഗതിയിലെ വീടായ പുതുപ്പള്ളി ഹൗസിലിരുന്ന് ഉമ്മൻ ചാണ്ടി കേരളകൗമുദിയോട് മനസ്സു തുറന്നു.

തിരിഞ്ഞുനോക്കുമ്പോൾ?

അന്നൊക്കെ ആദർശങ്ങൾക്കും നയങ്ങൾക്കും പരിപാടികൾക്കുമൊക്കെ എല്ലാ പാർട്ടികളും നല്ല പ്രാധാന്യം കൊടുക്കുമായിരുന്നു..ഇന്നിപ്പോൾ പ്രകടനപത്രിക പ്രകാശനം ചെയ്തുകഴിഞ്ഞാൽ തീർന്നു സംഗതി. രാഷ്ട്രീയം ഏറ്റുമുട്ടലിനും കലാപത്തിനും കലഹത്തിനുമുള്ളതല്ല. അത് നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമാണ്. ജനങ്ങളെ ആകർഷിക്കത്തക്ക ധാരാളം കാര്യങ്ങളുണ്ട്. ആ രീതിയിലാണ് പോകേണ്ടത്. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥിസംഘടനകൾ തമ്മിൽ എന്തൊരു സൗഹൃദമായിരുന്നു. ഞാൻ പ്രസിഡന്റായിരിക്കെ വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം ഒരിടത്തുമുണ്ടായിട്ടില്ല. ഒരു സംഘടന സമരാഹ്വാനം ചെയ്താൽ ആഭിമുഖ്യമുള്ളവർക്ക് ഇറങ്ങിപ്പോകാം. ചിലപ്പോൾ എല്ലാവരും ഇറങ്ങിപ്പോയെന്നിരിക്കും. ബലമായി പിടിച്ചിറക്കാൻ ശ്രമിക്കില്ല. സമരക്കാരെ അങ്ങോട്ട് ആക്രമിക്കാനും പോകില്ല. ജനങ്ങളുടെ, രക്ഷകർത്താക്കളുടെ, അദ്ധ്യാപകരുടെ പിന്തുണയുണ്ട്. അപ്പോൾ ബെസ്റ്റ് സ്റ്റുഡന്റ്സ് വന്നു ചേരും. ഇന്നിപ്പോൾ അടിക്കും പിടിക്കും പറ്റുന്നയാളുകൾ വന്നുചേരുന്നു. മറ്റുള്ളവർ പിറകോട്ടു പോവുന്നു.  ആദ്യ തിരഞ്ഞെടുപ്പിൽ തെങ്ങുമെടുത്ത് നടന്ന കൂട്ടത്തിലുണ്ടായിരുന്ന ചെറിയാൻ ഫിലിപ്പ്, 2001ൽ എതിരാളിയായല്ലോ! ചെറിയാൻ ഫിലിപ്പ് യുവജന, വിദ്യാർത്ഥി രംഗത്തു നിന്നുള്ള നല്ല ചെറുപ്പക്കാരനായിരുന്നു. ആദർശവാനും അത് നടപ്പാക്കുന്നയാളുമാണ്. അദ്ദേഹത്തിന് ഒരിക്കൽ സീറ്റ് കൊടുക്കാനായത് കോട്ടയത്താണ്. അവിടെ തോറ്റശേഷം ആഗ്രഹിച്ച സീറ്റ് കൊടുക്കാനായില്ല. അദ്ദേഹം എതിരായി വന്നപ്പോൾ പ്രയാസമുണ്ടായിരുന്നു. ഞാൻ ഒരു മത്സരത്തിലും എതിരാളികളെ ആക്രമിക്കില്ല. വളരെ ബഹുമാനത്തോടെയേ നിൽക്കൂ. ആരെങ്കിലും എതിർത്തെന്നു പറഞ്ഞാൽ ഞാനവരെ താക്കീതു ചെയ്യും. എനിക്കിന്നും മനസ്സിന് പ്രയാസമുള്ളതാണ് 80ലെ തിരഞ്ഞെടുപ്പ്. അന്ന് എന്റെ എതിരാളി എൻ.ഡി.പിയുടെ എം.ആർ.ജി പണിക്കരാണ്. പോളിംഗെല്ലാം കഴിഞ്ഞ് അദ്ദേഹം ഒരു ബൂത്തിൽ വന്നപ്പോൾ ഞങ്ങളുടെ ഒരു പ്രവർത്തകൻ മോശമായി പെരുമാറി. അതറിഞ്ഞ്, ഞാൻ അദ്ദേഹത്തെ വിളിച്ച് മാപ്പ് പറഞ്ഞു.  ഓർമ്മയിൽ തങ്ങി നിൽക്കുന്ന പ്രചരണകാലം? ഓർമ്മയിലേറ്റവും തങ്ങിനിൽക്കുന്നത് ആദ്യ മത്സരമാണ്. വിദ്യാർത്ഥി ജീവിതം കഴിഞ്ഞയുടനെയുള്ളതാണ്. പുതുപ്പള്ളിയിലെ 21 അംഗ കോൺഗ്രസ് കമ്മിറ്റിയിൽ മൂന്നു പേരേ ഇന്ദിരാഗാന്ധിക്ക് അനുകൂലമായുള്ളൂ. കെ.കെ.ദാമോദരൻ, സി.കെ. ജേക്കബ്, സി.കെ. കുഞ്ഞൻ. പ്രവർത്തകർക്ക് കുറവില്ലായിരുന്നു. ആ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ ജനങ്ങൾ സ്വയമങ്ങ് ഏറ്റെടുക്കുകയായിരുന്നു.അതെനിക്ക് പുതുപ്പള്ളിയോടും അവിടത്തെ ജനങ്ങളോടും വലിയ കടപ്പാടുണ്ടാക്കി. എനിക്ക് പുതുപ്പള്ളിയിൽ ഒരാളെയും എതിർക്കാനാവില്ല. എല്ലാവരുടെയും പിന്തുണ കിട്ടിയാണ് ജയിച്ചത്. മറുഭാഗത്തുള്ളവരുടെ കുടുംബത്തിലെ ഏതെങ്കിലുമൊരാളുടെ വോട്ട് എനിക്കു കിട്ടിയിരിക്കും. അല്ലെങ്കിൽ ആ വീട്ടിലെ പിള്ളേര് എനിക്ക് മുദ്രാവാക്യം വിളിച്ചവരായിരിക്കും. ആ നിലയ്ക്ക് അമിത ആത്മവിശ്വാസിയാണ്.

അമ്പതു വർഷ ക്ലബ്ബിലെ മുൻഗാമിയായ കെ.എം. മാണി അവസാന തിരഞ്ഞെടുപ്പുകളിൽ കടുത്ത മത്സരം ഏറ്റുവാങ്ങി. പുതുപ്പള്ളിക്ക് അങ്ങയോട് അനുരാഗം കൂടിയിട്ടേയുള്ളൂ?

മാണി സാറിന്റേത് പ്രശംസനീയമായ നേട്ടമാണ്. ഞാൻ 11തിരഞ്ഞെടുപ്പിലാണ് ജയിച്ചത്. അദ്ദേഹം 13 തവണയും. മാണിസാറിന്റെ പൊതുജീവിതത്തിലെ ഏറ്റവും തിക്തമായ അനുഭവം കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തേതാണ്. അദ്ദേഹം നിരപരാധിയാണ്. ഞാനത് വ്യക്തമായി പറഞ്ഞു. അന്വേഷിക്കണമെന്നു പറഞ്ഞപ്പോൾ അന്വേഷിച്ചു. പൊലീസിലെ ഏറ്റവും നല്ല ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡിയുടെ അന്വേഷണ റിപ്പോർട്ട് ബാർ കോഴക്കേസിൽ മാണിസാറിനെ പൂർണമായും കുറ്റവിമുക്തനാക്കുന്നതായിരുന്നു. അപ്പോൾ ഇവ‌ർ (ഇടതുപക്ഷം) പറഞ്ഞു, മാണി സാറിനെ വെള്ള പൂശാനാണെന്ന്. അവർ അധികാരത്തിൽ വന്നപ്പോൾ ഞാൻ പറഞ്ഞു, നിങ്ങളൊന്ന് അന്വേഷിച്ചാട്ടെ. ശങ്കർ റെഡ്ഢി കൊടുത്ത റിപ്പോർട്ടിൽ ഒരു വാക്യം പോലും മാറ്റാൻ പറ്റിയില്ല.

അന്ന് അങ്ങയുടെ മന്ത്രിസഭ അന്വേഷണം പ്രഖ്യാപിച്ചത് മാണിയിൽ അവിശ്വാസം രേഖപ്പെടുത്തലായില്ലേ? *ജനാധിപത്യത്തിൽ ശരി ചെയ്താൽ മാത്രം പോരാ. ശരിയാണെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുകയും വേണം. തെറ്റ് ചെയ്യാത്ത ആളിന്റെ പേരിൽ ആക്ഷേപം വന്നാൽ ആ ആളെ സത്യസന്ധമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് ബാദ്ധ്യതയാണ്. ഇതൊരു തട്ടിക്കൂട്ട് കേസായിരുന്നെന്ന് പൂർണമായും തെളിഞ്ഞു. മാണിസാറിന്റെ മകനൊക്കെ മുന്നണി മാറിയാലും ഞങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാവില്ല. മാണിസാറിനെ ദ്രോഹിച്ചത് ഇവരാണ്.

ഇന്നിപ്പോൾ കേരള കോൺഗ്രസ്-എമ്മും മാണിസാറിന്റെ മകനും കൂട്ടരും കൂടെയില്ല. അതൊരു നഷ്ടബോധമായി തോന്നുന്നുണ്ടോ?

മാണിസാറിന്റെ മരണമാണ് ഏറ്റവും വലിയ നഷ്ടബോധമുണ്ടാക്കിയത്. മാണി സാറുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു തീരുമാനമുണ്ടാകില്ലായിരുന്നു . ഒറ്റ ആശ്വാസം, കോൺഗ്രസായിട്ടല്ല ഇങ്ങനെയൊരു വിഷയമുണ്ടാക്കിയിരിക്കുന്നതെന്നാണ്. അവർക്ക് പി.ജെ. ജോസഫുമായുണ്ടായ അഭിപ്രായവ്യത്യാസം വലുതായതാണ്. മാണിസാറിനെ തിരിച്ചു കൊണ്ടുവരാൻ, നാലു കൊല്ലം കഴിഞ്ഞ് കിട്ടേണ്ട രാജ്യസഭാ സീറ്റാണ് അവർക്കു കൊടുത്തത്. അതിന്, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഞാനുമൊക്കെ കുറെ വിമർശനം കേട്ടു. ആ സീറ്റുമായാണ് ഇപ്പോൾ അവർ പോയത്. ഏതു സാഹചര്യത്തിലായാലും, മകനും കൂട്ടരും പോയതിൽ ദു:ഖമുണ്ട്.

കോൺഗ്രസിലല്ലാതെ ഏറെ സ്വാധീനിച്ചവർ?​

എം.എൻ. ഗോവിന്ദൻ നായരും ടി.വി. തോമസും ടി.കെ. ദിവാകരനും. മൂന്നു പേരുടെ സ്നേഹവും വാത്സല്യവും എനിക്ക് നിയമസഭയിലും പുറത്തും ധാരാളം അനുഭവിക്കാനായി. എനിക്കു മാത്രമല്ല, എന്നെപ്പോലുള്ള ചെറുപ്പക്കാർക്കെല്ലാമുണ്ടായിട്ടുണ്ട്'.

നമ്മുടെ മുഖ്യമന്ത്രിയെ എങ്ങനെ വിലയിരുത്തുന്നു?

ഓരോരുത്തർക്ക് ഓരോ പ്രവർത്തനരീതി കാണും. അതുവച്ച് ഞാൻ വിമർശിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ, ഭരണാധികാരികൾ തുറന്ന മനസ്സോടെ വേണം പ്രശ്നങ്ങളെ സമീപിക്കാൻ. ഞാൻ ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്, ഞാൻ തീരുമാനമായി എഴുതിക്കൊടുക്കുന്നതിൽ തെറ്റുണ്ടെങ്കിൽ അവർക്കതിനെ എതിർക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന്. വേണമെങ്കിൽ ആ ഫയലിൽത്തന്നെ എഴുതിയിടാം. ശരിയല്ല, ഇന്ന കുഴപ്പമുണ്ടെന്ന്. അല്ലെങ്കിൽ നേരിട്ടു പറയാം. അവർ പറയുന്നതാണ് ശരിയെങ്കിൽ ഞാനംഗീകരിച്ചിരിക്കും.

എന്റെ അടുത്ത് വരുന്ന കാര്യങ്ങളിൽ ശരിയെന്ന് തോന്നുന്നത് മുഴുവൻ എനിക്ക് ചെയ്യണം. അതിന്റെ മറുവശം ഞാനപ്പോൾ കാണുന്നില്ല. അത് ചിലപ്പോൾ അവർക്കായിരിക്കും ബോദ്ധ്യപ്പെടുക. ഈ രീതി കാരണം എനിക്ക് 90 കാര്യങ്ങൾ ചെയ്യാനാകും. അതിൽ പത്തെണ്ണം തെറ്റുമായിരിക്കും. തെറ്റ് ബോദ്ധ്യപ്പെട്ടാൽ തിരുത്തും. മുഴുവൻ കാര്യവും ശരിയെന്ന് അന്വേഷിച്ച് ബോദ്ധ്യപ്പെട്ട് ചെയ്യാൻ നിന്നാൽ നൂറിൽ പത്ത് കാര്യമേ ചെയ്യാനാകൂ. തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കുക. ശരിയെന്ന് ബോദ്ധ്യപ്പെട്ട കാര്യങ്ങൾ ചെയ്യുക. നമ്മൾ എല്ലാത്തിന്റെയും അതോറിറ്റിയല്ലല്ലോ. കോമൺസെൻസ് വച്ച് കാര്യങ്ങളെ സമീപിക്കുക. സാങ്കേതിക, നിയമ, സാമ്പത്തിക വശങ്ങൾ മറ്റുള്ളവർ നോക്കേണ്ടതാണ്.

സർക്കാർ തുടങ്ങി വച്ച വികസന പ്രവർത്തനം രാഷ്ട്രീയ വിരോധം വച്ച് തുടരാതിരിക്കുന്ന പ്രവണത പലപ്പോഴും ഉണ്ടാകാറുണ്ടല്ലോ?​

ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന പദ്ധതികൾ ഏതു സർക്കാർ കൊണ്ടുവന്നാലും മുന്നോട്ട് കൊണ്ടുപോകണമെന്ന് തന്നെയാണ് അഭിപ്രായം.

ആന്ധ്രയുടെ ചുമതല വഹിച്ച എ.ഐ.സി.സി ജനറൽസെക്രട്ടറിയെന്ന അനുഭവം?

അവിടെ അങ്ങനെ സൗഹൃദമൊന്നുമില്ല. ഒരു സർക്കാർ ചെയ്യുന്നത് എങ്ങനെയൊക്കെ നിറുത്തലാക്കാമെന്നാണ് പുതിയ സർക്കാർ ചിന്തിക്കുന്നത്. നായിഡു പണിത കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിനു പകരം പൊളിച്ചുകളയുന്നത് ദേശീയ വേസ്റ്റല്ലേ. ഗവ. ബിൽഡിംഗല്ലേ. അങ്ങനെ വച്ചുനോക്കുമ്പോൾ കേരളത്തിൽ കുറച്ച് വ്യത്യാസമുണ്ട്.

രാഷ്ട്രീയമല്ലാതെയുള്ള വിനോദം?

മറ്റ് ഹോബികളില്ല. താല്പര്യവും ആഗ്രഹവുമുണ്ടെങ്കിലും സമയമനുവദിക്കാത്തതിനാൽ നടക്കുന്നില്ല. എപ്പോഴും ആളുകളുമായുള്ള സമ്പർക്കവും അവരുടെ വിഷയങ്ങളുമൊക്കെയായി പോകുകയാണ്. എന്റെ ശക്തി ജനങ്ങളിൽ നിന്ന് കിട്ടുന്നതാണ്. എന്റെ പുസ്തകം ജനങ്ങളാണ്. പരമാവധി പത്രങ്ങൾ വായിക്കാനുള്ള സമയമേ കിട്ടാറുള്ളൂ. കൂട്ടത്തിലങ്ങനെ ഒഴുകിപ്പോവുകയാണ്.

മുഖ്യമന്ത്രിയായിരിക്കുമ്പോഴും എവിടെയാണ് തകരാറ്, എവിടെയാണ് കാര്യങ്ങൾ നടക്കാതെ പോകുന്നത് എന്നെല്ലാം പിടികിട്ടുന്നത് ജനങ്ങളിൽ നിന്നാണ്. ഞാൻ രണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ വാർദ്ധക്യകാല, വിധവാ പെൻഷനുകൾ കിട്ടാത്തയാളുകളെ കണ്ടു. ഏർപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് കിട്ടാത്തതെന്തേയെന്ന് ചോദിക്കുമ്പോൾ, അവർക്ക് അതിനെക്കുറിച്ചറിയില്ല, അല്ലെങ്കിൽ അപേക്ഷ കൊടുത്തത് തെറ്റിപ്പോയി. അങ്ങനെയാണ് അപേക്ഷ കൊടുക്കൽ സംവിധാനം ലളിതമാക്കിയത്. ജനസമ്പർക്ക പരിപാടിയിലും അപേക്ഷകളെത്തുകയാണ്. പെൻഷനുണ്ടെന്ന് അറിയാത്തവർ ഇപ്പോഴുമുണ്ട്. റേഡിയോയോ, ടെലിവിഷനോ ടെലഫോണോ പത്രമോ ഇല്ലാത്തവർ. ഒരാളും പറഞ്ഞുകൊടുക്കാനുമില്ല. അവസാനം പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഞാൻ നിർദ്ദേശം കൊടുത്തു. മെമ്പർമാരെ വാർഡുകളിൽ വിടുക, അർഹതയുള്ളവരെ കണ്ടെത്തി അപേക്ഷ മേടിച്ചുകൊടുക്കുക. 12.9 ലക്ഷമായിരുന്നു 2011ൽ ഞാൻ ചാർജെടുക്കുമ്പോൾ സാമൂഹ്യ പെൻഷൻ. ഇറങ്ങുമ്പോൾ 34 ലക്ഷമായി. പരിപാടികൾ കൊണ്ടുവന്നതു കൊണ്ടോ നടപ്പാക്കിയതു കൊണ്ടോ ആയില്ല. കുറേപ്പേർക്ക് കിട്ടും. അർഹതയുള്ളവരിൽത്തന്നെ, താഴെയുള്ളവർക്ക് കിട്ടില്ല.

ഒരിക്കൽക്കൂടി മുഖ്യമന്ത്രിയാകുമോ?

അമ്പത് വർഷക്കാലത്തിനിടയിൽ ധാരാളം അവസരങ്ങൾ എനിക്കു കിട്ടി. വലിയ അംഗീകാരം കിട്ടി. ജനങ്ങളുടെ സ്നേഹം വച്ച് നോക്കുമ്പോൾ വലിയ സമ്പന്നൻ ഞാനാണ്. ഇതുവരെയുള്ള പൊതുപ്രവർത്തനത്തിൽ പൂർണ സംതൃപ്തനാണ്. ഭാവികാര്യങ്ങളെക്കുറിച്ചൊന്നും ഒരു ചിന്തയുമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OOMEN CHANDY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.