പാലക്കാട്: പ്രത്യേക പരിഗണന അവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കാൻ കാവൽ പ്ലസ് പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. സംരക്ഷിക്കാൻ ആരുമില്ലാത്തവർ, ബാലവിവാഹം പോലുള്ളവയുടെ ഇരകൾ, ശിശു സംരക്ഷണ സമിതി മുമ്പാകെ എത്തുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ, ലൈംഗികാതിക്രമത്തിന് ഇരയായായവർ തുടങ്ങിയവർക്ക് സാമൂഹ്യ ഇടപെടൽ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്.
മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയ കാവൽ പദ്ധതിയുടെ അനുബന്ധമാണിത്. ഇവർക്ക് ആവശ്യമായ പരിചരണം, പുനരധിവാസം, കൗൺസിലിംഗ് തുടങ്ങി സാധാരണ ജീവിതത്തിലേക്ക് ഇവരെ തിരികെ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേഖലയിൽ പ്രവത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും നിംഹാസിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ആദ്യം പാലക്കാട്ടും തിരുവനന്തപുരത്തും
പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. 2017 മുതൽ ജില്ലാ ശിശു സംരക്ഷണ സമിതികൾ മുഖാന്തിരം എത്തിയ കേസുകൾ ഇതിനായി പരിശോധിക്കും. പാലക്കാട് 100ഉം, തിരുവനന്തപുരത്ത് 150 കുട്ടികളും പദ്ധതിയുടെ ഭാഗമാകും. വകുപ്പിന്റെ നേതൃത്വത്തിൽ താലൂക്കുകൾ തോറും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഉൾപ്പെടുത്തുന്നത്.
ഈ വർഷം 1000 പോക്സോ കേസ്
ഈ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം 1000ത്തോളം പോക്സോ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ആറ് ബാലവിവാഹങ്ങളും കുട്ടികൾക്കെതിരെ 554 ലൈംഗികാതിക്രമ കേസും റിപ്പോർട്ട് ചെയ്തു.
ഈ മാസം ആരംഭിക്കും
" പദ്ധതി നടത്തിപ്പിനായി ജില്ലയിൽ പ്രവർത്തിക്കാൻ സന്നദ്ധരായ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് നടപടി പൂർത്തിയായി. ഈ മാസം അവസാനം പദ്ധതി ആരംഭിക്കും."
-എസ്.ശുഭ, ജില്ലാ ശിശുസംരക്ഷ ഓഫീസർ, പാലക്കാട്.